മാധ്യമപ്രവര്‍ത്തകനു നേരെ ഭീഷണി മുഴക്കി ആള്‍ദൈവം രാധേ മാ

0
49

സംഭാല്‍: മാധ്യമപ്രവര്‍ത്തകന് നേരെ ഭീഷണി മുഴക്കി ആള്‍ദൈവം രാധേ മാ. ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരെയുള്ള കേസുകളേക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ സാംഭാലില്‍ കല്‍ക്കി മഹോത്സവത്തിന് പങ്കെടുക്കാനെത്തിയ രാധേ മാ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ചോദ്യങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ അവര്‍ മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും ക്യാമറകള്‍ എടുത്ത് പുറത്തു പോകാനും ആക്രോശിച്ചു. കൂടാതെ ഒരു മാധ്യമപ്രവര്‍ത്തകനോട് തന്നെ 15 ദിവസത്തിനുള്ളില്‍ കണ്ടോളാമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

എനിക്കെതിരെ ഒരാരോപണവുമില്ല. പിന്നെന്തിനാണ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ വീണ്ടും ചോദിക്കുന്നതെന്നും എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്നും രാധേ മാ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

രാധേ മായുടെ നിര്‍ദേശം അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറുടെ സീറ്റില്‍ കയറി ഇരുന്ന സംഭവവും അടുത്ത കാലത്ത് വിവാദമായിരുന്നു.