മോദിയുടെ വിജയത്തിന്റെ പകുതി ക്രെഡിറ്റ് രാഹുലിനെന്ന് രാജ് താക്കറെ

0
43

താനെ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി നേടിയ വിജയത്തിന്റെ പകുതി ക്രെഡിറ്റ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്) നേതാവ് രാജ് താക്കറെ.

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഹുല്‍ മോദിക്കെതിരെ നടത്തിയ പരിഹാസം മോദിക്ക് ഗുണകരമായി മാറിയെന്നും താക്കറെ പറഞ്ഞു. മോദിയെ അന്ന് രാഹുല്‍ പരിഹസിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ബിജെപിക്ക് അനുകൂലമായി തിരിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2014ലെ മോദിയുടെ വിജയത്തില്‍ 50 ശതമാനം ക്രെഡിറ്റ് രാഹുലിനും 15 ശതമാനം ക്രെഡിറ്റ് സമൂഹമാധ്യമങ്ങള്‍ക്കും 10-20 ശതമാനം ക്രെഡിറ്റ് ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ക്കുമാണ്. ബാക്കിയുള്ളത് മാത്രമാണ് മോദിയുടെ വ്യക്തി പ്രഭാവത്തിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന എംപി സഞ്ജയ് റാവത്ത് രാഹുലിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനു തൊട്ടുപിന്നാലെയാണ് രാജ് താക്കറെയുടെ നിലപാട്.

പൊതു പരിപാടികളില്‍ മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ വേദി വിട്ടുപോകുന്നത് ചില ദൃശ്യങ്ങളില്‍ കണ്ടിരുന്നു. ഇത് മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 150 സീറ്റില്‍ വിജയിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് സംഭവിക്കണമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ അദ്ഭുതം സംഭവിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.