രാജസ്ഥാനില്‍ ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് കോളജ് പഠനയാത്ര നിര്‍ബന്ധം

0
35

ജയ്പുര്‍; സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് പിന്തുണയുള്ള കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. അടുത്തിടെ ഇന്ത്യാ ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തി 1857ലെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ സിലബസില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

ഉദയ്പുരിലെ പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളജുകളും നിര്‍ബന്ധമായി ‘പഠനയാത്ര’ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ആര്‍എസ്എസ് പിന്തുണയോടെ നടത്തുന്ന സ്ഥാപനമാണിത്. കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രവും നേട്ടങ്ങളുമാണ് ഇവിടെ വിശദീകരിക്കുന്നത്.

സംസ്‌കാരം, പാരമ്പര്യം, ദേശസ്‌നേഹം, വിദ്യാഭ്യാസം, ടൂറിസം, ധീരത തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പഠനയാത്ര കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ഥാടന, സഞ്ചാര കേന്ദ്രമായാണു വിശേഷിപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സോഹന്‍ സിങ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്. സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.