രാഷ്ട്രീയ പാര്‍ട്ടികളിലെ ജനാധിപത്യത്തെക്കുറിച്ച് സംവാദത്തിന് തയ്യാറെന്ന് മോദി

0
41

ന്യൂഡല്‍ഹി; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചു സംവാദത്തിനു തയാറാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്തു സംഘടിപ്പിച്ച ദിവാലി മിലന്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടികള്‍ക്കുള്ള ധനസഹായം എപ്പോഴും ചര്‍ച്ചയ്ക്കു വിധേയമാകാറുണ്ട്. എന്നാല്‍ അവയുടെ മൂല്യം, തത്വശാസ്ത്രം, ജനാധിപത്യം എന്നിവയും പുതിയ തലമുറ നേതാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന രീതികളുമാണ് സംവാദത്തിനു വിഷയമാകേണ്ടതെന്നും മോദി പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ പരിശീലനത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതിലേക്കാകണം മാധ്യമങ്ങള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടത്. ജനാധിപത്യ മൂല്യങ്ങള്‍ പാര്‍ട്ടികള്‍ക്കു പ്രധാനമല്ലെങ്കില്‍ അതു ചര്‍ച്ചയ്ക്ക് വിധേയമാക്കണം. പാര്‍ട്ടികള്‍ക്കുള്ളിലെ യഥാര്‍ഥ ജനാധിപത്യ ബോധത്തിന്റെ വികസനം രാജ്യത്തിന്റെ ഭാവിക്കു മാത്രമല്ല, ജനാധിപത്യത്തിനാകെയും അത്യാവശ്യമാണെന്നാണ് എന്റെ വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതിനിടെയാണ് കുടുംബവാഴ്ചയെ സൂചിപ്പിച്ച് ജനാധിപത്യ സംവാദത്തിന് തയ്യാറെന്ന മോദിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.