വിദ്യാഭ്യാസമന്ത്രിക്ക് നേരെ വീണ്ടും ആരോപണം ഉന്നയിച്ച് അനില്‍ അക്കര എംഎല്‍എ

0
49

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന് സംഘപരിവാറുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഉറച്ച് അനില്‍ അക്കര എംഎല്‍എ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിക്കെതിരെ എംഎല്‍എ ആഞ്ഞടിച്ചിരിക്കുന്നത്.

ബഹുമാന്യ വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രന്‍മാഷേ, ഞാന്‍ ഫെയ്സ്ബുക്കില്‍ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്‍ തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണ്. ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എബിവിപിയുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല. ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍ ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നു എന്നാണ്. താങ്കള്‍ അതും നിഷേധിക്കുന്നില്ല. പിന്നെ എന്റെ അഭിപ്രായത്തോട് പ്രതിഷേധം രേഖപ്പെടുത്താം അത് ഞാന്‍ സ്വാഗതം ചെയ്യുന്നു. പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത? പറയൂ,മാഷ് തന്നെ പറയൂ ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍, നമുക്ക് നോക്കാം. ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ? എംഎല്‍എ പോസ്റ്റില്‍ പറയുന്നു.

നേരത്തെയും സി രവീന്ദ്രനാഥിനെതിരെ അനില്‍ അക്കര ഇതേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് മന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം പത്രക്കുറിപ്പിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആരോപണമുന്നയിച്ച് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.

കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂര്‍ ആര്‍എസ്എസ് ശാഖാ അംഗം, വിദ്യാര്‍ത്ഥി ആയിരിക്കുബോള്‍ ഇഎംഎസ് പഠിച്ച തൃശ്ശൂര്‍ സെന്റ്തോമസ് കോളേജില്‍ എ ബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കി ഇതെല്ലാം ശരിയെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നു? എന്നായിരുന്നു ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തില്‍ അനില്‍ അക്കര ആദ്യം പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ ഇതിനെതിരെ മന്ത്രിയുടെ ഓഫീസ് രംത്തെത്തുകയായിരുന്നു. തനിക്ക് എബിവിപി ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരയുടെ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതിയിട്ടുളള ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്നും ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എന്നിട്ടും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നായിരുന്നു വിദ്യാഭ്യാസമന്ത്രി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.