വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മൊബൈല്‍ ആധാറും

0
66

ന്യൂഡല്‍ഹി; വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാറും ഉപയോഗിക്കാമെന്ന് വ്യോമയാന സുരക്ഷാ മന്ത്രാലയം. മാതാപിതാക്കള്‍ക്കൊപ്പം വരുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിനായി വേണ്ട പത്ത് തിരിച്ചറിയല്‍ രേഖകളുടെ പട്ടികയാണ് ബിസിഎഎസ് പുറത്തുവിട്ടത്. പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ആധാര്‍, എം ആധാര്‍, പാന്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവയാണ് ഇവയില്‍ ചിലത്.

സുരക്ഷാ ജീവനക്കാരുമായുള്ള തര്‍ക്കം ഒഴിവാക്കുന്നതിനായി തിരച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും കരുതണമെന്നും ബിസിഎഎസ് സര്‍ക്കുലറില്‍ പറയുന്നു. ദേശസാല്‍കൃത ബാങ്കിന്റെ പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, അംഗവൈകല്യമുള്ളവര്‍ക്കു നല്‍കുന്ന ഫോട്ടോ പതിപ്പിച്ച കാര്‍ഡ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും പിഎസ്‌യു, ലോക്കല്‍ ബോഡി, സ്വകാര്യ കമ്പനികളുടെയും സര്‍വീസ് ഐഡി കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാമെന്നും ബിസിഎഎസ് വ്യക്തമാക്കി.

അംഗവൈകല്യമുള്ളവര്‍ക്ക് ഫോട്ടോ ഐഡി കാര്‍ഡോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതിയാകും. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡി കാര്‍ഡ് നല്‍കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. കൃത്യമായ തിരിച്ചറിയല്‍ രേഖയുള്ള യാത്രക്കാരനൊപ്പം വരുന്ന ശിശുക്കള്‍ക്കോ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കോ മറ്റു രേഖകള്‍ ആവശ്യമില്ല. നിര്‍ദിഷ്ട തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വിമാനത്താവളത്തില്‍ പ്രവേശിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.