വേങ്ങരയില്‍ വോട്ടുചോര്‍ച്ചയില്ലെന്ന നിലപാടില്‍ ബിജെപി; വേങ്ങര ചര്‍ച്ചയാക്കില്ലെന്നും പ്രതികരണം

0
214


തിരുവനന്തപുരം: വേങ്ങര തിരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞതില്‍ ഒരത്ഭുതവുമില്ലെന്ന നിലപാടില്‍ ബിജെപി. വേങ്ങര വോട്ടുകുറഞ്ഞത് ബിജെപിയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നു ഉന്നത ബിജെപി നേതാവ് 24 കേരളയോടു പ്രതികരിച്ചു.

വേങ്ങര നടന്നത് ഒരു ഉപതിരഞ്ഞെടുപ്പാണ്. ബിജെപി അതിനു വലിയ ഗൌരവം കൊടുത്തിരുന്നില്ല. പതിനായിരം വോട്ടുകള്‍ ബിജെപി സമാഹരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അത് ഞങ്ങള്‍ നിഷേധിക്കാനോ, സമ്മതിക്കാനോ തുനിഞ്ഞിരുന്നില്ല. 5000 വോട്ടുകള്‍ തന്നെ ധാരാളമാണ്. 5000 വോട്ടുകള്‍ മാത്രമേ ബിജെപി പ്രതീക്ഷിച്ചിട്ടുള്ളൂ. ഉന്നത ബിജെപി നേതാവ് പറഞ്ഞു.

വേങ്ങര വലിയ വിഷയമാക്കാനോ, അതില്‍ പാര്‍ട്ടി തല ചര്‍ച്ചകള്‍ക്കോ വലിയ പ്രാധാന്യം ബിജെപി നല്‍കുന്നില്ല.  കഴിഞ്ഞ തവണയെക്കാള്‍ ആയിരം വോട്ടുകള്‍ മാത്രമേ ബിജെപിക്ക് കുറഞ്ഞിട്ടുള്ളൂ. അതിനു പാര്‍ട്ടി വലിയ പ്രാധാന്യം നല്‍കുന്നില്ല. ബിജെപി നേതാവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വേങ്ങരയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി നാലാം സ്ഥാനത്തേക്കാണ് ഇത്തവണ വേങ്ങരയില്‍ പിന്തള്ളപ്പെട്ടത്. വോട്ടും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം വേങ്ങരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പി.ടി.ആലിഹാജി നേടിയത് 7055 വോട്ടുകളാണ്. എന്നാല്‍ ഇക്കുറി ബിജെപി നേതാവ് ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിച്ചപ്പോള്‍ നേടിയത് 5728 വോട്ടുകളാണ്. ആയിരത്തിലേറെ വോട്ടുകളുടെ കുറവാണ് ബിജെപിക്ക് നേരിട്ടത്.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വേങ്ങരയില്‍ ഒരു ശക്തിയല്ലെന്നു തെളിയിക്കുകയാണ് ബിജെപി ഉന്നത നേതാവിന്റെ വാക്കുകള്‍. ബിജെപിയുടെയും, ബിഡിജെഎസിന്റെയും വോട്ടുകള്‍ ചേര്‍ത്തുവച്ചാണ് ഇത്തവണ 5728 വോട്ടുകള്‍ ലഭിച്ചത്.

കണക്കുകളില്‍ ബിജെപി വോട്ടുചോര്‍ച്ച വ്യക്തമാണ്. പക്ഷെ ഇതു മറച്ചുവെച്ച് വേങ്ങര ഒരു പ്രശ്നമല്ല എന്ന നിലയില്‍ മുന്നോട്ട് നീങ്ങാനാണ് ബിജെപി തീരുമാനം എന്ന് ഉന്നത ബിജെപി നേതാവിന്റെ വാക്കുകള്‍ വ്യക്തമാകുന്നു.