സെക്‌സ് ടേപ്പ് വിവാദം; കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെതിരെയും പൊലീസ് കേസ്

0
69

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കെതെിരെ സെക്സ്ടേപ്പ് ആരോപണം ഉന്നയിച്ച കേസില്‍ റായ്പൂര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിനെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.ടി നിയമ പ്രകാരമുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

മന്ത്രി രാജേഷ് കുമാറിനെതിരെ സെക്സ്ടേപ്പുകള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി സിഡികളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിരുന്നു. ബിജെപി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പ്രകാശ് ബജാജ് നല്‍കിയ പരാതിയിലാണ് പൊലീസ് വിനോദ് വര്‍മ്മയെ അറസ്റ്റ് ചെയ്തത്.

വിവാദ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു മാസം മുമ്പ് പ്രചരിച്ചിട്ടുണ്ടെന്നും അതിലുള്ളത് മന്ത്രിയാണെന്ന് വ്യക്തമാണെന്നും ഭൂപേഷ് ഭാഗല്‍ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം എത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി രാജേഷ് മുനാത്ത് പറഞ്ഞു. ടേപ്പ് വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദ് വര്‍മ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു.