‘സെല്‍ഫി വിത്ത് ഗോമാത’; പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കുവാന്‍ പുതിയ ആപ്ലിക്കേഷനുമായി ഗോസേവ പരിവാര്‍

0
30

കൊല്‍ക്കത്ത: പശുവിന്റെ ഗുണഗണങ്ങള്‍ പ്രചരിപ്പിക്കുവാനായി പുതിയ മൊബൈല്‍ ആപ്പ്. ആര്‍എസ്എസ് പിന്തുണയുള്ള ഗോസേവ പരിവാര്‍ ആണ് ആപ്ലിക്കേഷന്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇവര്‍ സംഘടിപ്പിക്കുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും മത്സരാര്‍ഥികളുടെ സൗകര്യത്തിനുമായാണ് പുതിയ ആപ്പ് ഇറക്കിയതെന്ന് ഗോസേവ പരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

2015ല്‍ ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരം നടത്തുന്നതിനായി എന്‍ട്രികള്‍ ക്ഷണിച്ചപ്പോള്‍ വാട്സ് ആപ്പിലൂടെ അയക്കുന്നതിന് മത്സരാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പുതിയ ആപ്പ് എന്‍ട്രികള്‍ അയക്കുന്നതും തെരഞ്ഞെടുക്കുന്നതും എളുപ്പത്തിലാക്കിയെന്ന് ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ പറഞ്ഞു.

ഈ ആപ്പിലൂടെ ഗോമാതാവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്. പശുവിനെ പരിചരിക്കുന്നത് മനുഷ്യരാശിയെ മുഴുവന്‍ പരിചരിക്കുന്നതിന് തുല്യമാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ഇവര്‍ പറഞ്ഞു. മത്സരവുമായി നേരിട്ട് ബന്ധമില്ലെങ്കിലും തങ്ങള്‍ ഈ ആശയത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ആര്‍എസ്എസ് നേതാവ് അറിയിച്ചു.