സ്വകാര്യ കമ്പനികള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ പുതിയ പദ്ധതിയുമായി റെയില്‍വേ

0
29

ന്യൂഡല്‍ഹി: സ്വകാര്യവല്‍ക്കരണത്തിന് അതിവേഗ നീക്കങ്ങളുമായി റെയില്‍വേ. സ്റ്റീല്‍ വിതരണത്തിന് പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റിയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്‍കാനാണ് റെയില്‍വേയുടെ തീരുമാനം. 700,000 മെട്രിക് ടണ്‍ സ്റ്റീല്‍ വാങ്ങാനാണ് റെയില്‍വെയുടെ പുതിയ പദ്ധതി.

കൃത്യമായ സമയത്ത് കുറഞ്ഞ വിലയില്‍ സ്റ്റീല്‍ ലഭിക്കുന്നതിനായി ഇത്തവണ ടെന്‍ഡറില്‍ സ്വകാര്യ കമ്പനികള്‍ക്കും അവസരം നല്‍കുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്. ജിന്‍ഡാല്‍ സ്റ്റീല്‍ ഉള്‍പ്പടെയുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്വകാര്യ കമ്പനികള്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുകയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

വിപണി വിഹിതത്തിനായി സ്വകാര്യ കമ്പനിയായ ജിന്‍ഡാല്‍ സ്റ്റീലും, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. റെയില്‍വെയുടെ സറ്റീല്‍ ആവശ്യകതയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ള 1.5 മില്യണ്‍ ടണ്ണിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്. ബ്രീട്ടീഷ് ഭരണകാലത്തെ റെയില്‍വേ ലൈനുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ബൃഹത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 132 ബില്യണ്‍ ഡോളറിന്റേതാണ് പദ്ധതി.