ഹൈക്കോടതി വജ്രജൂബിലി വേളയിലും മാധ്യമ-അഭിഭാഷക പ്രശ്നത്തിന്റെ അലയൊലികള്‍

0
83

കൊച്ചി : മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന്റെ പ്രതിഫലം ഹൈക്കോടതി വജ്രജൂബിലി ആഘോഷസമാപന വേളയിലും.  കേരളത്തിലെ ഏറ്റവും പ്രധാന പരിപാടിയായിരുന്നു ഇന്നു കൊച്ചിയില്‍ നടന്ന ഹൈക്കോടതി വജ്രജൂബിലി ആഘോഷ സമാപനം.

രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ഉദ്ഘാടനം ചെയ്യുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവര്‍ പങ്കെടുക്കുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി നടന്നത് കൊച്ചിയില്‍. പക്ഷേ ഒരു ദൃശ്യമാധ്യമവും ഈ പരിപാടി ലൈവ് ആയി സംപ്രേഷണം ചെയ്തില്ല. ഒരു മാധ്യമത്തിലെയും തലക്കെട്ട് കൊച്ചിയിലെ പരിപാടിക്ക് നല്കപ്പെട്ടില്ല.

ഡിഎസ്എന്‍ജി ആയി ദൃശ്യമാധ്യമങ്ങള്‍ പരിപാടി സമയത്ത് നിലയുറപ്പിച്ചെങ്കിലും ഒരു സ്റ്റാന്‍ഡ് അപ്പും പരിപാടിക്കായി നല്കപ്പെട്ടില്ല. എല്ലാവരും ഒരു ഫൂട്ടെജില്‍ പരിപാടി ഒതുക്കി. രാഷ്ട്രപതി പങ്കെടുക്കുന്ന ഒരു പരിപാടി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്ന പരിപാടിക്ക് ലഭിക്കേണ്ടുന്ന മാധ്യമ ശ്രദ്ധ കൊച്ചിയിലെ പരിപാടിക്ക് ലഭിച്ചില്ല.

ഇന്നു രാവിലെ ഇറങ്ങിയ പത്രങ്ങളും വാര്‍ത്ത അധികം പ്രാധാന്യം നല്‍കാതെ ഒന്നോ രണ്ടോ വരിയില്‍ ഒതുക്കി. ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട പരിപാടിയല്ല കൊച്ചിയില്‍ നടന്നത്. എന്നിട്ടും മാധ്യമങ്ങള്‍ ഒരു സാധാരണ വാര്‍ത്തപോലെ നല്‍കി. മാധ്യമ-അഭിഭാഷക പ്രശ്നം ഹൈക്കോടതി മുന്‍കൈ എടുത്ത് പരിഹരിക്കേണ്ടതായിരുന്നു. അത് ഇതേവരെ നടന്നില്ല.

മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ച മീഡിയാ റൂം പോലും ഇതുവരെ തുറന്നു കൊടുക്കപ്പെട്ടിട്ടില്ല. മാസങ്ങളായി മീഡിയാ റൂം അടഞ്ഞു കിടക്കുകയാണ്.

ഇന്നു ഹൈക്കോടതി വജ്രജൂബിലി ആഘോഷ പരിപാടിയില്‍ അണിനിരന്ന രാഷ്ട്രപതി അടക്കമുള്ള പ്രമുഖരെ സാക്ഷിയാക്കി ഗവര്‍ണര്‍ പി.സദാശിവം ഈ വിഷയം എടുത്ത് സംസാരിക്കുകയും ചെയ്തു. നിശിതമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഈ കാര്യത്തില്‍ നടത്തിയത്. ഹൈക്കോടതി മുന്‍കൈ എടുത്ത് പ്രശ്നം പരിഹരിക്കേണ്ട ആവശ്യകത ഗവര്‍ണര്‍ എടുത്തു പറയുകയും ചെയ്തു. പക്ഷെ മുഖ്യമന്ത്രിയോ, രാഷ്ട്രപതിയോ മറ്റാരെങ്കിലുമോ ഈ വിഷയത്തില്‍ തൊട്ടു സംസാരിച്ചതുമില്ല. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പക്ഷേ നല്‍കേണ്ടുന്ന പ്രാധാന്യം നല്‍കിയില്ല.