ഡല്‍ഹി: ബിസിസിഐ അംഗീകൃത ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ലോക ഉത്തേജക വിരുദ്ധ എജന്‍സിയുടെ നിലവാരത്തില്‍ പരിശോധന നടത്താനാണ് സര്‍ക്കാറിന്റെ നിര്‍ദേശം. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നാഡ ഉദ്യോഗസ്ഥര്‍ ബിസിസിഐയുമായി സഹകരിച്ച് ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നാഡയെ അനുവദിക്കാന്‍ ബിസിസിഐക്ക് മേല്‍ സമര്‍ദ്ദം ചെലുത്തണമെന്ന് അന്താരാഷ്ട്ര എജന്‍സി വാഡ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കായിക മന്ത്രാലയത്തിനും വാഡ കത്തയച്ചിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള നടപടി ഉണ്ടായിരിക്കുന്നത്.
നാഡയോട് ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ബിസിസിഐ വിസമ്മതിക്കുകയാണെങ്കില്‍ സംഘടനക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് കായിക സെക്രട്ടറി രാഹുല്‍ ഭട്നഗര്‍ പറഞ്ഞു. ഈ രഞ്ജി സീസണില്‍ തന്നെ ഉത്തേജക പരിശോധന നടത്താനാണ് നാഡയുടെ തീരുമാനം. എന്നാല്‍ ഇതുസംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും സംഘടന വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഉത്തേജക ഏജന്‍സി (വാഡ) പുറത്ത് വിട്ട 2016ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.