എ.ജിയും സര്‍ക്കാരും തമ്മിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം; എജിക്കെതിരെ വീണ്ടും കാനം

0
30

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ അധികാരം എന്തെന്ന് നിയമം വായിച്ചുനോക്കിയാല്‍ മനസിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണ്. ഭരണപരമായ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എ.ജിയും സര്‍ക്കാരും തമ്മിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണ്. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ ഹാജരാകുന്നതില്‍നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കിയ എ.ജിയുടെ നടപടിക്കെതിരെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. സിപിഎം നോമിനിയായ എ.ജിക്കെതിരേയുള്ള പോര് ഫലത്തില്‍ സിപിഐഎമ്മിനെതിരേ തന്നെയാണ്.

കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന റവന്യൂ മന്ത്രിയുടെ നിര്‍ദേശം നേരത്തെ എ.ജി തള്ളിയിരുന്നു. കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.ജി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി കാനം എ.ജിക്കെതിരെ പ്രതികരിച്ചിരുന്നു. എജി സര്‍ക്കാരിന് മുകളില്‍ അല്ലെന്നും എജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും കാനം പറഞ്ഞു. തോമസ് ചാണ്ടി തെറ്റുകാരന്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കും. ഇപ്പോള്‍ തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.