ഒന്നാം ലോക മഹായുദ്ധം; ഇന്ത്യന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം

0
133

ഡെഹ്റാഡൂണ്‍: ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം. ഫ്രഞ്ച് മേഖലയില്‍ യുദ്ധത്തിലേര്‍പ്പെട്ട സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് നാട്ടിലെത്തിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി സേന വക്താക്കള്‍ നവംബറില്‍ ഫ്രാന്‍സിലേക്ക് പോകും.

2016 സെപ്റ്റംബറിലാണ് വടക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലാവെന്റി നഗരത്തിന് സമീപത്തു നിന്ന് സൈനികരുടെ സേനാ മുദ്രകള്‍ കണ്ടെടുത്തത്. ഇവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍വാള്‍ റൈഫിള്‍സില്‍പ്പെട്ടവരാണെന്ന് സേനാ മുദ്രകളില്‍ നിന്നും വ്യക്തമായിരുന്നു. ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം ഫ്രാന്‍സാണ് ഇന്ത്യയെ അറിയിച്ചത്.

അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഗര്‍വാള്‍ റൈഫിള്‍സിലെ ബ്രിഗേഡിയറടക്കം 4 പേരെയാണ് ഇന്ത്യ ഫ്രാന്‍സിലേക്ക് അയക്കുക. 100 വര്‍ഷം മുമ്പെങ്കിലും മറവു ചെയ്ത മൃതദേഹങ്ങളായതിനാല്‍ തിരിച്ചറിയുക പ്രയാസമാണെന്ന് ഗര്‍വാള്‍ റൈഫിള്‍സ് വക്താവ് കേണല്‍ റിതേഷ് റോയ് പറഞ്ഞു. 1887 മുതല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായിരുന്ന ഗര്‍വാള്‍ റൈഫിള്‍സിന്റെ 700 ഭടന്‍മാര്‍ യുദ്ധമേഖലയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒന്നാം ലോകമഹായുദ്ധത്തിലെ ധീരതക്ക് ബ്രിട്ടനിലെ വിക്ടോറിയ ക്രോസ് അടക്കമുള്ള ബഹുമതികള്‍ സേനക്ക് ലഭിച്ചിട്ടുണ്ട്.