കാബിനറ്റ്‌ രഹസ്യങ്ങള്‍ ചോരുന്നതെങ്ങിനെ? ചോര്‍ത്തുന്നതിന് പിന്നിലാര്?

0
533

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: കാബിനറ്റ്‌ രഹസ്യം ചോര്‍ന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായി ഇക്കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കാബിനറ്റ്‌ രഹസ്യം ചോരുന്നത് എങ്ങിനെ? ആരാണ് കാബിനറ്റ്‌ രഹസ്യം ചോര്‍ത്തുന്നത്? കാബിനെറ്റ്‌ രഹസ്യം ചോര്‍ന്നാല്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍കാരണക്കാരായി മാറുകയാണ്. കാരണം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയുന്നതല്ല കാബിനറ്റ്‌ രഹസ്യങ്ങള്‍. അത് ചോര്‍ന്നാല്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അടക്കം എല്ലാവര്‍ക്കും ഈ കാര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം വരുന്നു.

മുന്‍പുള്ള കേരളാ സര്‍ക്കാരിലും ഇതേ പ്രശ്നം പൊന്തിവന്നു. ഈ കാര്യം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം പോയി. ചീഫ് സെക്രട്ടറി ഒരു മുതിര്‍ന്ന ഒരുദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തി. അദ്ദേഹം കുറച്ച് നാള്‍ കഴിഞ്ഞ് ചീഫ് സെക്രട്ടറിയെകണ്ടു പറഞ്ഞു ഈ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടതുണ്ടോ? എവിടെ നിന്നാണ് ചോര്‍ച്ച എന്ന് നമുക്ക് രണ്ടു പേര്‍ക്കും അറിയാവുന്നതാണ്.

ഇരുവരും കണ്ണില്‍ക്കണ്ണില്‍ നോക്കി. ചീഫ് സെക്രട്ടറിക്ക് കാര്യം മനസിലായി. അദ്ദേഹം ഉത്തരവിട്ടു. അന്വേഷണം മുന്നോട്ടുകൊണ്ട് പോവേണ്ടതില്ല. കാബിനറ്റ്‌ രഹസ്യം ചോര്‍ത്തുന്നത് കാബിനറ്റിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ അത് നിയന്ത്രിക്കാന്‍ പ്രയാസവുമാണ്. കാബിനറ്റ്‌ രഹസ്യചോര്‍ച്ച ചോര്‍ച്ചയാണോ എന്ന ചോദ്യം കൂടി ഒപ്പം ഉയരുന്നു.

ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത എന്ത് രഹസ്യമാണ് കാബിനറ്റ്‌ ചര്‍ച്ച ചെയ്യുന്നത്? കാബിനറ്റ്‌ ചര്‍ച്ച ചെയ്യുന്ന കാര്യം ജനങ്ങള്‍ അറിഞ്ഞാല്‍ അതില്‍ എന്താണ് അപാകത? ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് അതിനു രഹസ്യ സ്വഭാവം വരുന്നത്. അപ്പോള്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ കാബിനറ്റ്‌ ചര്‍ച്ച ചെയ്യുന്നു എന്ന വാദം കൂടി പൊന്തി വരുന്നു.

ജനങ്ങള്‍ അറിഞ്ഞാല്‍ കുഴപ്പമാകും എന്ന് വരുന്ന കാര്യങ്ങള്‍ കാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വരുന്നു എന്ന് ആരോപണവും ഉയരാം. ഒളിക്കേണ്ടതുണ്ട് എന്ന് വരുന്ന കാര്യങ്ങള്‍ പുറത്തുപോകാന്‍ പാടില്ല. കാരണം രഹസ്യം പുറത്തുപോകും. അത്തരം രഹസ്യങ്ങള്‍ കാബിനറ്റ്‌ ചര്‍ച്ച ചെയ്യുന്നോ എന്ന ചോദ്യം മുഴങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കാബിനറ്റില്‍ വയ്ക്കും മുന്‍പ് തന്നെ ചോര്‍ന്നു.

ആരാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ കാബിനറ്റില്‍ വരും മുന്‍പ് തന്നെ വെളിയില്‍ വന്നതെങ്ങിനെ? കാബിനറ്റ്‌ രഹസ്യങ്ങള്‍ ചോരുന്നത് അന്വേഷിക്കുമ്പോള്‍ ഈ വിഷയവും അന്വേഷണ വിഷയമാക്കേണ്ടതല്ലേ?

സാധാരണ കമ്മിഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ കാബിനറ്റ്‌ ചേര്‍ന്ന് ഈ വിഷയം നിയമസഭയുടെ മേശപ്പുറത്ത് വരുമ്പോഴാണ് അത് പബ്ലിക് ഡോക്യുമെന്റ് ആയിമാറുന്നത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും ഒരു പബ്ലിക് ഡോക്യുമെന്റ് ആയിട്ടില്ല. ഒമ്പതിന് നിയമസഭ ചേരുമ്പോള്‍, സഭയുടെ മേശപ്പുറത്ത് വരുമ്പോള്‍ മാത്രമാണ് അത് പബ്ലിക് ഡോക്യുമെന്റ് ആയി മാറുന്നത്.

ഇപ്പോഴും പബ്ലിക് ഡോക്യുമെന്റ് ആയിട്ടില്ലാത്ത സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നടപടികള്‍ വരെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ക്രിമിനല്‍ നിയമപ്രകാരമാണ് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കേസ് എടുക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി അടക്കമുള്ള ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും നേരെ വിജിലന്‍സ് അന്വേഷണം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉഴറി നടക്കുകയാണ്. കാരണം വിജിലന്‍സ് അന്വേഷണം, ലൈംഗികാപവാദക്കേസുകള്‍ എല്ലാം വരുന്നു. ചെയ്ത കുറ്റം എന്തെന്ന് അറിയില്ല. കാഫ്കയുടെ കഥാപാത്രം പോലെയായി ഉമ്മന്‍ചാണ്ടി മാറുകയാണ്. കാഫ്കയുടെ ഒരു നോവലില്‍ വിചാരണ ആരംഭിച്ചു കഴിഞ്ഞതായി പറയുന്നു.  പക്ഷെ ചെയ്ത കുറ്റം എന്തെന്ന് നോവലിലെ കഥാപാത്രത്തിനു അറിയില്ല. ഉമ്മന്‍ചാണ്ടി പറയുന്നതും ഇതേ കാര്യമാണ്. കുറ്റം എന്തെന്ന് അറിയില്ല.

കുറ്റം അറിയാന്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വേണം. അതിനായി മുഖ്യമന്ത്രിക്ക് കത്തും, വിവരാവകാശ പ്രകാരം അപേക്ഷയും കൊടുത്ത് കാത്തിരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പക്ഷെ ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നു. അത് വിവരാവകാശ പ്രകാരം നല്‍കാന്‍ കഴിയുന്ന രേഖയല്ലാ എന്ന കാര്യം. റിപ്പോര്‍ട്ട്  ആദ്യം നിയമസഭയുടെ മേശപ്പുറത്ത് വരണം. അതിനു ശേഷം മാത്രമേ മുന്‍മുഖ്യമന്ത്രിക്ക് വരെ സോളാര്‍ കമ്മിഷന്‍ റിപ്പോര്ട്ടിന്റെ പൂര്‍ണ്ണരൂപം ലഭിക്കുകയുള്ളൂ.

അപ്പോള്‍ കാബിനറ്റ്‌ രഹസ്യം മാത്രമല്ല. നിയമസഭയുടെ മേശപ്പുറത്ത് വച്ചശേഷം പുറത്ത് വിടേണ്ട സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരെ ചോരുന്നു. കാരണം എന്‍ക്വയറി കമ്മിഷന്‍ ആക്റ്റ് പ്രകാരം രൂപീകരിച്ച ഒരു കമ്മിഷന്‍ ആണ് സോളാര്‍ കമ്മിഷന്‍. അത് കാബിനറ്റില്‍വച്ചശേഷം നിയമസഭയുടെ മേശപ്പുറത്ത് വരണം. അത് വരെ ഒരു രഹസ്യാത്മകത അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്നുണ്ട്.

ഇവിടെ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും മുന്‍പ് തന്നെ അന്വേഷണവും, നിയമോപദേശവും, രണ്ടാമത് നിയമോപദേശവും എല്ലാത്തിനും നിര്‍ദ്ദേശം പോയിട്ടുണ്ട്. പല പ്രധാന ഭാഗങ്ങളും നടപടികളും മുഖ്യമന്ത്രി തന്നെ പുറത്തുവിടുകയും ചെയ്തു. ഇതില്‍ കയറിപ്പിടിച്ച് യുഡിഎഫ് നേതാക്കള്‍ ആഞ്ഞടിച്ചപ്പോഴാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന അരിജിത് പസായത്തില്‍ നിന്ന് തന്നെ നിയമോപദേശം നല്‍കാന്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സോളാര്‍ കമ്മിഷന്‍ പരിധി ലംഘിച്ചോ എന്ന യുഡിഎഫ് ആരോപണ കാര്യത്തില്‍ വാസ്തവമുണ്ടോ എന്നന്വേഷിക്കാനാണ് രണ്ടാമത് നിയമോപദേശം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാധാരണ ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നാല്‍ സര്‍ക്കാര്‍ ചെയ്യുക ഒന്നുകില്‍ റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കും. അല്ലെങ്കില്‍ തള്ളും.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടും സംഭവിച്ചില്ല. ഒരു കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നാല്‍ സര്‍ക്കാര്‍ ആദ്യം ചെയ്യുക ഒരു എംപവര്‍ കമ്മിറ്റി രൂപീകരിക്കുകയാണ്. ഹോം സെക്രട്ടറിയോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോ ആകാം തലപ്പത്ത്. ഈ കമ്മറ്റിയോട് ഒരു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയാണ് പതിവ്. ആ കമ്മറ്റി പറയും റിപ്പോര്‍ട്ട് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയില്ല. കാരണങ്ങള്‍ അക്കമിട്ടു പറയും. അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് സ്വീകരിക്കാം. അതിലും കാരണങ്ങള്‍ നിരത്തും. ഇത് നിയമസഭയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യും.

ഇവിടെ സര്‍ക്കാര്‍ ആദ്യം നടപടി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പ്രഖ്യാപനം വിവാദമായശേഷമാണ് നിയമോപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ജഡ്ജി അന്വേഷിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ മറ്റൊരു ജഡ്ജിക്ക് കൈമാറുന്നു. അരിജിത് പസായതിന്റെ ഉപദേശം അങ്ങിനെയാണ് വരുന്നത്.

ഇങ്ങിനെ പല പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുന്നു. രഹസ്യമല്ലാത്ത രഹസ്യങ്ങള്‍, അതായത് കാബിനറ്റ്‌ രഹസ്യങ്ങള്‍ തന്നെ ചോരുന്നു. നടപടിക്രമങ്ങളില്‍ പിഴവ് സംഭവിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. ഇതിനു ആക്കം കൂട്ടാന്‍ മന്ത്രിമാരില്‍നിന്നും രഹസ്യങ്ങള്‍ ചോരുന്നു. മുഖ്യമന്ത്രി അസ്വസ്ഥനാകുകയും ചെയ്യുന്നു. എന്നിട്ടും രഹസ്യങ്ങള്‍ വീണ്ടും ചോരുന്നു.