കെ.പി.സി.സി. അംഗത്വ പട്ടികയില്‍ 304 പേര്‍

0
42

തിരുവനന്തപുരം: കെ.പി.സി.സി. അംഗത്വ പട്ടികയുടെ സംബന്ധിച്ചുണ്ടായ നീണ്ട തര്‍ക്കത്തിന് പരിഹാരമായി.304 അംഗ പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശനിയാഴ്ച അംഗീകാരം നല്‍കി. അംഗത്വ പട്ടിക സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ നിലനിന്നിരുന്നപ്പോള്‍ ഒടുവില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് എ, ഐ. ഗ്രൂപ്പ് നേതാക്കള്‍ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതികള്‍ തീര്‍പ്പാക്കി ഹൈക്കമാന്‍ഡ് പട്ടികയ്ക്ക് രൂപം നല്‍കിയത്.

പട്ടികയില്‍ 282 പേര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളാണ്. 15 പേര്‍ പാര്‍ലമെന്ററി പാര്‍ട്ടിപ്രതിനിധികളും ഏഴു പേര്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരുമാണ്. എ, ഐ. ഗ്രൂപ്പുകള്‍ക്ക് ഏതാണ്ട് തുല്യപ്രാതിനിധ്യം ലഭിച്ചു.എ.കെ. ആന്റണിയുള്‍പ്പെടെ 22 പേര്‍ ഒരു ഗ്രൂപ്പിലും പെടാത്തവരായുമുണ്ട്. 28 സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചപ്പോള്‍ ദളിത് പ്രാതിനിധ്യം 17 ആണ്. 45 വയസ്സില്‍ താഴെയുള്ളവരുടെ പ്രാതിനിധ്യം 45 ആയി ഉയര്‍ന്നു.

കെ. മുരളീധരന്‍ നിര്‍ദേശിച്ച മഹേശ്വരന്‍ നായരേയും അംഗമാക്കും. എം.കെ. രാഘവന്‍ എം.പി. കണ്ണൂരിലെ മാടായിയില്‍നിന്ന് അംഗമാകും. കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, പി.സി. ചാക്കോ തുടങ്ങി പട്ടികയെക്കുറിച്ച്‌ പരാതി പറഞ്ഞ എം.പി.മാരുടെ ആവശ്യങ്ങള്‍ ഒരു പരിധിവരെ ഹൈക്കമാന്‍ഡ് ഉള്‍ക്കൊണ്ടു. ആര്യാടന്‍ മുഹമ്മദ്, എം.എം. ജേക്കബ്, കെ. ശങ്കരനാരായണന്‍ തുടങ്ങിയ മുതിര്‍ന്നനേതാക്കളെ നാമനിര്‍ദേശം ചെയ്യും.

ഹൈക്കമാന്‍ഡ് തന്നെയാണ് അവസാനംവരെ തര്‍ക്കം നിലനിന്നവരുടെ കാര്യത്തില്‍ നിലപാടെടുത്തത്. ശശി തരൂര്‍ എം.പി, പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധിയായിട്ടല്ല, ബ്ലോക്ക് പ്രതിനിധിയായിതന്നെ പട്ടികയില്‍ ഉള്‍പ്പെട്ടു. കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായിയായ സരോജിനിയെ പന്തളം ബ്ലോക്കില്‍നിന്ന് അംഗമാക്കി പ്രശ്നം പരിഹരിച്ചു. എഴുകോണില്‍നിന്നുള്ള പ്രതിനിധിയായി പി.സി. വിഷ്ണുനാഥിനെതന്നെ നിശ്ചയിച്ചു.