കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ എജിക്ക് അധികാരമുണ്ട്; നിലപാടില്‍ ഉറച്ച് എജി

0
44

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ കേസില്‍ റവന്യൂവകുപ്പിനെ അവഗണിച്ച് അഭിഭാഷകനെ ചുമതലപ്പെടുത്തിയ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് അഡ്വ. ജനറല്‍ സി.പി. സുധാകര പ്രസാദ്. കേസ് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് എ.ജിയാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എ.ജിയുടെ ഓഫീസ് അറിയിച്ചു. എ.ജിക്കുള്ള അധികാരം സംബന്ധിച്ച ചട്ടങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു.

മന്ത്രിയുമായി ബന്ധപ്പെട്ട ലേക് പാലസ് കേസിലും കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായത് ഇദ്ദേഹമായിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് വഴിവെച്ച സാഹചര്യത്തില്‍ കേസില്‍ സര്‍ക്കാരിന് വേണ്ടി രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ജിക്ക് മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീരുമാനം മാറ്റാന്‍ എ.ജിയുടെ ഓഫീസ് തയാറായിരുന്നില്ല.

കേസ് മാറ്റിക്കൊടുത്ത ചരിത്രം എ.ജിയുടെ ഓഫിസിനില്ലെന്നും ഇത്തരം ഒരു വിവാദം ആദ്യത്തേതാണെന്നും എ.ജി മന്ത്രിയുടെ ആവശ്യത്തെ സൂചിപ്പിച്ച് പറഞ്ഞിരുന്നു. അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് എ.ജി ഓഫീസിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും നേരത്തെ എ.ജി പ്രതികരിച്ചിരുന്നു.