കോടികളുടെ ആയുധപരിഷ്‌കരണത്തിന് ഒരുങ്ങി ഇന്ത്യന്‍ കരസേന

0
48

ന്യൂഡല്‍ഹി: ഏതാണ്ട് 40000 കോടി രൂപയുടെ ആയുധപരിഷ്‌കരണത്തിനൊരുങ്ങി കരസേന. പഴക്കം ചെന്ന ആയുധങ്ങള്‍ മാറ്റി അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനാണ് കരസേന തയാറെടുക്കുന്നത്. ആയുധ സംഭരണത്തിനായുള്ള കരസേനയുടെ ശുപാര്‍ശ പ്രതിരോധമന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അയച്ചുകഴിഞ്ഞു. ഏഴ് ലക്ഷം റൈഫിളുകള്‍, 44000 ലൈറ്റ് മെഷിന്‍ ഗണ്ണുകള്‍, 44600 കാര്‍ബൈനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധപരിഷ്‌കരണമാണ് സേന ലക്ഷ്യം വയ്ക്കുന്നത്. കരസേ നയുടെ ആവശ്യം പ്രതിരോധ മന്ത്രാലയം അംഗീകരിക്കുമെന്നാണ് വിവരം.

ചൈന, പാകിസ്ഥാന്‍ തുടങ്ങിയ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കരസേനയുടെ ഈ ആവശ്യം.

ലൈറ്റ് മെഷിന്‍ ഗണ്ണുകള്‍ വാങ്ങുന്നതിനായുള്ള തീരുമാനം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കും. മാത്രമല്ല അസോള്‍ട്ട് റൈഫിളുകള്‍ വാങ്ങാനുള്ള ശുപാര്‍ശ ഉടന്‍ തന്നെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യന്‍ നിര്‍മിത റൈഫിളുകള്‍ ഫയറിങ് പരീക്ഷണത്തില്‍ നിലവാരം പുലര്‍ത്താതിനെ തുടര്‍ന്ന് കരസേന അവ വാങ്ങാനുള്ള തീരുമാനം റദ്ദാക്കിയിരുന്നു. മാത്രമല്ല കലാള്‍പ്പടയുടെ പ്രഹര ശേഷി വര്‍ധിപ്പിക്കാനും സേനയെ ആധുനികവത്കരിക്കാനും പ്രതിരോധ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.