എസ്.ജാനകി സംഗീത വേദികളിലും പാട്ടു നിര്‍ത്തി

0
89

സംഗീതം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ എസ്.ജാനകി സംഗീത വേദികളിലും പാട്ടു നിര്‍ത്തി. മൈസൂരുവില്‍ നടത്തിയ പൊതുപരിപാടിയിലായിരുന്നു അവസാന ആലാപനം. ഇടവേളകളില്ലാതെ നാലു മണിക്കൂര്‍ നിന്ന് പാടി ആരാധകര്‍ക്ക് ശുദ്ധ സംഗീതം സമ്മാനിച്ചായിരുന്നു ആ സംഗീത നിശ. അത് ആയിരങ്ങളുടെ കണ്ണ് നിറച്ചു. പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ തീരുമാനിച്ചത്.

മൈസൂരുവിലെ മാനസഗോത്രിയിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകീട്ട് ആറര മുതല്‍ പത്തരവരെ നീണ്ട സംഗീതപരിപാടിയില്‍ നാല്‍പതോളം ഗാനങ്ങള്‍ അവര്‍ അവസാനമായി ആലപിച്ചു.

”സിനിമാസംഗീതത്തില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു എന്നൊരു തോന്നല്‍ കുറച്ചുകാലമായുണ്ട്. സംഗീതസംവിധായകരുടെ ഒട്ടേറെ തലമുറകള്‍ക്കുവേണ്ടി പാടി. പ്രഗല്ഭരായ പാട്ടുകാര്‍ക്കൊപ്പം വേദി പങ്കിട്ടു. ഇപ്പോള്‍ പ്രായമായി. 80 വയസ്സാകാന്‍ പോകുന്നു. വിടവാങ്ങാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭമില്ലെന്ന് മനസ്സുപറയുന്നു” -സംഗീതവേദികളോട് വിടപറയാനുള്ള തീരുമാനത്തെപ്പറ്റി ജാനകിയുടെ വാക്കുകള്‍.

മൈസൂരിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ക്ഷണപ്രകാരമാണ് മൈസൂരുവിലെ വേദിയില്‍ പാടാന്‍ തയ്യാറായത്.

17 ഭാഷകളിലായി 48000-ത്തോളം ഗാനങ്ങള്‍ക്കാണ് എസ്.ജാനകി ജീവന്‍ നല്‍കിയിട്ടുള്ളത്.