നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ്: വേണുഗോപാലന്‍ നായരുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

0
41

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തട്ടിപ്പ് നടത്തി മുങ്ങിയ നിര്‍മല്‍ കൃഷ്ണയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം

നിര്‍മ്മല്‍ ചിട്ടി തട്ടിപ്പിന് ഇരയായ തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി വേണുഗോപാലന്‍ നായര്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ചിട്ടി ഫണ്ടില്‍ നിക്ഷേപമുള്ള ഇയാള്‍ കമ്പനി അടച്ചു പൂട്ടിയതില്‍ കടുത്ത മാനസിക സമര്‍ദ്ദത്തിലായിരുന്നു.

സംഭവത്തിനു ഉത്തരവാദിയായ ചിട്ടി ഫണ്ട് ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൃതദേഹവുമായി നാട്ടുകാര്‍ ഉദിയന്‍കുളങ്ങര റോഡ് ഉപരോധിക്കുകയായിരുന്നു.

നിര്‍മ്മല്‍ കൃഷ്ണയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപവും ഉയരുന്നുണ്ട്. മണിക്കൂറുകളോളം നീണ്ട ഉപരോധം നഗരത്തില്‍ ഗതാഗത കുരുക്കിന് കാരണമായി. കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാമെന്ന എംഎല്‍എ മാരുടെ ഉറപ്പിന്‍ മേലാണ് ഉപരോധം അവസാനിച്ചത്.