നോട്ടുനിരോധനം വീണ്ടുവിചാരമില്ലാത്ത നടപടി; ക്രൂരമായ നികുതി നിരക്കുകള്‍ കൊണ്ടുവന്നാല്‍ ജനങ്ങള്‍ തള്ളിക്കളയും: ചിദംബരം

0
42

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകര്‍ത്തെന്ന് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി ചിദംബരം. ഈ നടപടികള്‍ കാരണം ചെറുകിട വ്യവസായങ്ങള്‍ തകരുന്നതായും ചിദംബരം പറഞ്ഞു. വ്യവസായങ്ങള്‍ തകരുന്നത് കൊണ്ട് തൊഴിലില്ലായ്മ പെരുകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്‌കോട്ടില്‍ നടന്ന ‘സംവാദ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.

നോട്ടുനിരോധനം വീണ്ടുവിചാരമില്ലാത്ത നടപടിയാണ്. മൂന്നു മാസത്തോളമാണ് കോടിക്കണക്കിന് ജനങ്ങള്‍ നോട്ടുകള്‍ മാറാനായി വരിനിന്നത്. സംഭവത്തെതുടര്‍ന്ന് 140 പേരോളം മരണപ്പെട്ടു. സാധാരണക്കാര്‍ക്ക് രണ്ട് മാസത്തോളം തൊഴില്‍ ഇല്ലാത്ത അവസ്ഥയുണ്ടായി.

ക്രൂരമായ നികുതി നിരക്കുകള്‍ കൊണ്ടുവന്നാല്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും നികുതി വ്യവസ്ഥ സൗഹൃദപരമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെ മോദി സര്‍ക്കാര്‍ എങ്ങനെയാണ് വികസനം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

മുംബൈയില്‍നിന്നും അഹമ്മദബാദ് വരെയുള്ള ബുള്ളറ്റ് ട്രെയിനിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമ്പോള്‍ എത്ര പേരാണ് അതില്‍ സഞ്ചരിക്കാനാകുക എന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് ചിദംബരം ചോദിച്ചു. ആ പണംകൊണ്ട് പുതിയ കെട്ടിടങ്ങളും കക്കൂസുകളും പണിയുന്നതിനും രാജ്യത്തുടനീളം അധ്യാപകരെ നിയമിക്കുന്നതിനും നല്‍കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മുന്‍ഗണന വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവക്കാകണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു