കൊച്ചി: വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് നടി അമല പോളിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് നിയമനടപടിക്കൊരുങ്ങുന്നു. വാഹനമോട്ടോര്‍ വകുപ്പ് താരത്തിന് നോട്ടീസ് നല്കി. ഒരാഴ്ച്ചയ്ക്കകം രേഖകളുമായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്കി.
അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണ്. ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്റ്റ് ഒമ്പതിന് വണ്ടി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു.
പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് അമല കാര്‍ രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്കേണ്ടിയിരുന്നു.
പോണ്ടിച്ചേരിയില്‍ സ്ഥിരതാമസക്കാരനായിരുന്നാല്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന് നിയമം ഉണ്ട്. ഇത്തരത്തില്‍ വ്യാജ രജിസ്ട്രേഷന് നടത്തിയാല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
നടി അമല പോളിന് പിന്നാലെ ഫഹദ് ഫാസിലും വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.. ഫഹദിന്റെ 70 ലക്ഷത്തിന്റെ ബെന്‍സിന്റെ രജിസ്ട്രേഷന് നടത്തിയത് വ്യാജവിലാസത്തിലാണെന്ന് കണ്ടെത്തി. സര്‍ക്കാരിനെ വെട്ടിച്ചത് 14 ലക്ഷം രൂപയുടെ നികുതിയാണ്.