ആധാര്‍ കേസില്‍ മമതയ്ക്ക് തിരിച്ചടി

0
45


ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ നിയമം സംസ്ഥാനത്തിന് എങ്ങനെ ചോദ്യം ചെയ്യനാവുമെന്ന് സുപ്രീം കോടതി മമതാബാനര്‍ജി സര്‍ക്കാരിനോട് ചോദിച്ചു. ആധാറുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

നേരത്തെ മൊബൈല്‍ ഫോണ്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ മമതാ ബാനര്‍ജി നടത്തിയിരുന്നു. തന്റെ മൊബൈല്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും തന്റെ മൊബൈല്‍ കണക്ഷന്‍ വേണമെങ്കില്‍ സര്‍ക്കാരിന് റദ്ദാക്കാമെന്നും മമത പരസ്യ പ്രസ്താവന നടത്തിയിരുന്നു. അതിന് ശേഷമാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരമാണ് ആധാര്‍ നിലവില്‍ വന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രം പാസ്സാക്കിയ നിയമം ചോദ്യം ചെയ്തത് ശരിയായ നടപടിയല്ലെന്നും വിമര്‍ശിച്ചു. മമതാ ബാനര്‍ജിക്ക് വ്യക്തിപരമായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയാന്‍ ഹര്‍ജി നാലാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. നാലാഴ്ച്ചക്കകം കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.