ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിനാല്‍ വിദ്യാര്‍ഥിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം

0
39

പുണെ: സ്‌കൂളില്‍ ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിനാല്‍ പത്ത് വയസ്സുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയിലാണ് സംഭവം. മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളിലെ കുട്ടിയാണ് മര്‍ദ്ദനത്തിന് ഇരയായത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആധാര്‍ നമ്പര്‍ കൊണ്ടുവരാത്തതിനാല്‍ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദ്ദിച്ചത്. കാല്‍മുട്ടിനുതാഴെ വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്താല്‍ ആന്തരിക ക്ഷതം സംഭവിക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തു. അണുബാധയെ തുടര്‍ന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. സ്‌കൂള്‍ അധികൃതര്‍ കുട്ടിയോട് എന്തിനാണ് ആധാര്‍ നമ്പര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.