ഇന്ത്യ – ഒരു പുരാതന മഹാശക്തി: ഭാവിയിലെയും

0
158

 

ഋഷി ദാസ്

ഒരു തത്വപരമായ ആശയവും ഒരു സാംസ്‌കാരികമായ നൈരന്തര്യവുമായി ഇന്ത്യ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 3500 വര്‍ഷങ്ങള്‍ എങ്കിലും ആയിട്ടുണ്ടാവണം. അതിപുരാതനമായ ഋക് വേദത്തില്‍ തന്നെ അതിന്റെ സൂചനകള്‍ ഉണ്ട്, ജനപദങ്ങളും, മഹാജനപദങ്ങളും ഇവയെയൊക്കെ ബന്ധിപ്പിക്കുന്ന അതിദീര്‍ഘമായ പഥങ്ങളും അതായിരുന്നു അതിപുരാതന ഇന്ത്യ പുരാതന ഇന്ത്യയില്‍ ജനപദങ്ങളുടെ എണ്ണം ആയിരക്കണക്കിനും മഹാജനപഥങ്ങളുടെ എണ്ണം മുപ്പത്തിനടുപ്പിച്ചും ആയിരുന്നിരിക്കാം. പല ജനപഥങ്ങളും അവ്യവസ്ഥയോടടുക്കുന്ന ജനാധിപത്യ സ്വഭാവം പുലര്‍ത്തുന്നവ ആയിരുന്നു എന്നുവേണം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാന്‍. പലവയിലും രാജഭരണവും നിലനിന്നിരുന്നു.

ഒരേകീകൃത ഭരണവ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാനുള്ള ശ്രമങ്ങള്‍ ഇന്നത്തെ ബിഹാറിലെ മഗധയിലാണ് തുടടങ്ങിയത്. മഗധയിലെ ഹരിയാങ്ക രാജവംശത്തിലെ ബിംബിസാരനും അദ്ദേഹത്തിന്റെ പുത്രന്‍ അജാത ശത്രുവും ആയിരുന്നിരിക്കാം ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം ആദ്യമായി സ്വപ്നം കണ്ട ഭരണാധികാരികള്‍. പ്രായോഗിക രാഷ്ടീയത്തിന്റെ വക്ത്താക്കളായിരുന്നു ഇവര്‍ രണ്ടു പേരും. ബുദ്ധന്റെ സമകാലീകനും ബൗദ്ധ ചിന്തകളുടെ ആരാധകനായിരുന്നു ബിംബിസാരന്‍. പക്ഷെ അദ്ദേഹം ബൗദ്ധ ചിന്ത ഭരണത്തില്‍ കടന്നു കയറാന്‍ അനുവദിച്ചില്ല. സൈന്യത്തിലെ ചില സൈനികര്‍ സൈന്യ സേവനം വെടിഞ്ഞു ബുദ്ധ സന്യാസിമാരായപ്പോള്‍ അദ്ദേഹം സ്വീകരിച്ച നിലപാട് അതിനു ദൃഷ്ടാന്തമാണ്. അദ്ദേഹം ബുദ്ധനെ സന്ദര്‍ശിച് ബുദ്ധന് തന്റെ രാജ്യത്തു ലഭിക്കുന്ന ബഹുമാന്യത തന്റെ ഔദാര്യമാണെന്ന് ഓര്‍മപ്പെടുത്തി. ഉടനെത്തന്നെ ബുദ്ധന്‍ സൈനികര്‍ ബുദ്ധഭിക്ഷുക്കള്‍ ആകുന്നത് വിലക്കിക്കൊണ്ട് സന്ദേശവും നല്‍കി. ബുദ്ധ ഭിക്ഷുക്കള്‍ നിലനില്‍ക്കുന്നത് സൈനികര്‍ പ്രദാനം ചെയുന്ന ശാന്തിയുടെ നടുവിലാണെന്ന് ബുദ്ധനെ ഓര്‍മ്മപ്പെടുത്തുകയാണ് ബിംബിസാരന് ചെയ്യ്തത്. ഗുരുക്കന്മാരുടെയും ആചാര്യന്മാരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് എന്നാല്‍ രാജ്യതാല്‍പ്പര്യത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ബിംബിസാരന്റെ നടപടികള്‍ നമ്മുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ്.

പിന്നീടുവന്ന മഹാപത്മനന്ദന്‍ ആണ് മഗധയെ വന്‍ശക്തിയാക്കി ഭാരതത്തിന്റെ കേന്ദ്രബിന്ദുവാക്കിയത്. അതിശക്തമായ സൈനിക ശക്തിയും. വലിയ സമ്പത്തും ആയിരുന്നു നന്ദരുടെ മുഖമുദ്ര. നന്ദരുടെ സമ്പത്തിനെ പറ്റി പ്രാചീന തമിഴ് കാവ്യങ്ങളില്‍ പോലും വര്ണനയുണ്ട്. അതില്‍നിന്നു തന്നെ നന്ദ സാമ്രാജ്യത്തിന്റെ ഖ്യാതിയും സ്വാധീനവും ദക്ഷിണേന്ത്യയിലും വ്യാപിച്ചിരുന്നു എന്ന അനുമാനിക്കാം. നന്ദരുമായി സൗഹൃദത്തില്‍ തന്നെ ആവണം ദക്ഷിണ ഇന്ത്യയിലെ ചോള, ചേര, പാണ്ട്യ ശക്തികള്‍ കഴിഞ്ഞിരുന്നത്.

Image result for ചന്ദ്ര ഗുപ്ത മൗര്യന്‍

നന്ദരെ കീഴ്പ്പെടുത്തി മഗധയില്‍ ആധിപത്യം സ്ഥാപിച്ച മൗര്യ ചക്രവര്‍ത്തിയായ ചന്ദ്ര ഗുപ്ത മൗര്യന്‍ തന്നെയാണ് നിസ്സംശയമായും ഇന്ത്യയെ രാഷ്ട്രീയമായി ഒരുമിപ്പിച്ചത്. ഇപ്പോഴത്തെ ഇന്ത്യയേക്കാള്‍ വലുതായിരുന്നു ചന്ദ്ര ഗുപ്ത മൗര്യന്റെ ഇന്ത്യ. കലിംഗം ഒഴികെയുള്ള ഇന്ത്യ ഉപഭൂഖണ്ഡത്തിലെ എല്ലാ പ്രദേശവും ചന്ദ്രഗുപ്തനെ ചക്രവര്‍ത്തിയായി അംഗീകരിച്ചിരുന്നു. ദക്ഷിണ ഇന്ത്യയിലെ ചോള, ചേര, പാണ്ട്യ ശക്തികള്‍ സ്വയം ഭരണ അവകാശമുള്ള പ്രവിശ്യകള്‍ ആയിരുന്നിരിക്കണം. ഒന്നര നൂറ്റാണ്ടു നീണ്ടുനിന്ന മൗര്യ കാലഘട്ടം തന്നെയാണ് ഇന്ത്യയുടെ പുരാതന സുവര്‍ണ്ണ കാലഘട്ടം. വിജ്ഞാനത്തിന്റെയും ആശയങ്ങളുടെയും മഹാശക്തിയായ ഇന്ത്യ സൈനികമായും സാമ്പത്തികമായും ഒരു സൂപര്‍ പവര്‍ ആയത് മൗര്യരുടെ കാലത്താണ്. ഇനി നമുക്ക് വന്നു ചേരാന്‍ പോകുന്ന സൂപര്‍ പവര്‍ പദവി നമുക്ക് ആദ്യമായല്ല ലഭിക്കുന്നത്. നമ്മുടെ പുരാതനമായ സൂപര്‍ പവര്‍ പദവി നാം തിരിച്ചുപിടിക്കാനാണ് പോകുന്നത്.

മതം രാജ്യതന്ത്രത്തില്‍ അതിരുവിട്ടു കൈകടത്തിയത് തന്നെയാവണം മൗര്യ ഇന്ത്യയുടെ ശിഥിലീകരണത്തിനു വഴിതെളിച്ചത്. മതത്തെ രാജ്യത്തില്‍ നിന്നും വേര്‍പെടുത്തി രാജ്യതാല്പര്യത്തിനു മേല്‍കൈ കൊടുത്ത ഹരിയാങ്ക ചക്രവത്തി ബിംബിസാരന്റെ പ്രായോഗിക രാജ്യതന്ത്രം അശോക മൗര്യന്‍ വിസ്മരിച്ചു. ചക്രവര്‍ത്തി തന്നെ മതപ്രചാരകനായി. ഏകീകൃത ഇന്ത്യയുടെ ശിഥിലീകരണമായിരുന്നു ഭലം. ഭൗതികതയെ അവഗണിച്ചുകൊണ്ട് പ്രായോഗികതയില്ലാത്ത ആത്മീയതയെ വളര്‍ത്തിയതിന്റെ ദുരന്തം അക്കാലത്തെ ലോകത്തിലെ സാമ്പത്തിക സൈനിക വന്‍ശക്തിയായ ഇന്ത്യയെ തളര്‍ത്തി ശിഥിലീകരിച്ചു. പിന്നീടുവന്ന ഗുപ്ത സാമ്രാജ്യം ഉള്‍പ്പെടെയുള്ള പല ഇന്ത്യന്‍ സാമ്രാജ്യങ്ങള്‍ക്കും സാംസ്‌കാരികമായും, സാമ്പത്തികമായും വളരെ ഔന്നത്യം പ്രാപിക്കാനായെങ്കിലും ഒരു വന്‍ശക്തിയുടെ പദവി അവക്കൊന്നും നേടാനായില്ല. മാത്രമല്ല രാജ്യത്തിലേക്കുള്ള വൈദേശിക ചിദ്ര ശക്തികളുടെ കടന്നു കയറ്റം തടയാനും അവര്‍ക്കായില്ല. ഒരു പക്ഷെ ചൈനക്കുണ്ടായിരുന്നതുപോലുള്ള ഒരു വന്മതില്‍ നാം പടുത്തുയര്‍ത്തിയിരുന്നെങ്കില്‍ ഏതാണ്ട് ഒരു സഹസ്രാബ്ദം നീണ്ടുനിന്ന വൈദേശിക തേര്‍വാഴ്ച ഇവിടെ ഉണ്ടാകുമായിരുന്നില്ല, വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനായ അംഗസ് മാഡിസന്റെ (Angus Madd-iosn) പഠനങ്ങള്‍ വ്യകതമാക്കുനന്ത് ഒന്നാം ശതകം മുതല്‍ പത്താം ശതകം വരെ ലോക സാമ്പത്തിക ഉത്പാദനത്തിന്റെ ഏതാണ്ട് 40% ഇന്ത്യയില്‍ നിന്നായിരുന്നു എന്നാണ്. ഒരു സഹസ്രാബ്ദം നീണ്ടുനിന്ന വൈദേശിക ആധിപത്യം 1947 ആയപ്പോഴേക്കും ലോകസമ്പദ്വ്യവസ്ഥയില്‍ നമ്മുടെ ഓഹരി 2% നും താഴെ എത്തിച്ചു. അത്ര കൊടിയ ചൂഷണമാണ് വൈദേശിക അധിനിവേശ ശക്തികള്‍ ഈ ഉപഭൂഖണ്ഡത്തില്‍ നടത്തിയത്.

Image result for india's vedic age

ഒരു സഹസ്രാബ്ദത്തിന്റെ അധിനിവേശത്തില്‍ നിന്നും ചൂഷണത്തില്‍നിന്നും മോചനം നേടുക എളുപ്പം അല്ല. എന്നാലും കഴിഞ്ഞ 70 വര്‍ഷങ്ങള്‍ നമുക്ക് പ്രത്യാശ തന്നെയാണ് നല്‍കുന്നത്. ലോക സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് 5%ത്തിലേക്ക് നാം വളര്‍ന്നു കഴിഞ്ഞു. വരാന്‍പോകുന്ന മൂന്ന് ദശാബ്ദങ്ങളില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ ലോക ഉത്പാദനത്തിന്റെ 15%ത്തിലേക്ക് ഉയരും എന്നാണ് കരുതപ്പെടുന്നത്. ആയിരം വര്‍ഷങ്ങള്‍ കൊണ്ട് നമ്മില്‍ നിന്നും കവര്‍ന്നെടുത്ത സമ്പത്തിന്റെ നാലില്‍ ഒന്നെങ്കിലും സ്വാതന്ത്രയത്തിന്റെ നൂറാം വര്‍ഷത്തില്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ പ്രചണ്ഡമായ ഒരു നേട്ടം തന്നെയാവും അത്. ചിദ്ര ശക്തികളും, വ്യാജ പ്രചാരണക്കാരും, ഇരിക്കുന്ന കൊമ്പു മുറിക്കാന്‍ ശ്രമിക്കുന്ന അധമരും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അവര്‍ ഇപ്പോഴും അതിശക്തമായിത്തന്നെ ഈ നാടിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ അവരുടെ ദുഷ്പ്രവര്‍ത്തികളെ അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ മഹാരാജ്യം ആര്‍ജ്ജിച്ചിട്ടുണ്ട് എന്ന് തന്നെയാണ് സമീപകാല സംഭവ പരമ്പരകള്‍ വ്യക്തമാക്കുന്നത്.