കണ്ണൂര്‍ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
39

കൊച്ചി: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണത്തിന്നായുള്ള ഹര്‍ജിയില്‍ വിശദീകരണം തേടി നേരത്തെ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അന്ന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയത്. കൊലപാതകക്കേസുകള്‍ മികച്ച രീതിയില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ സാസ്‌കാരിക സംഘടനയായ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെ ഒക്ടോബര്‍ 17 ന് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു.

ഇടത് സര്‍ക്കാര്‍  അധികാരത്തില്‍ വന്ന ശേഷം എട്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊലപാതകങ്ങളില്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും സിബിഐയ്ക്ക് മാത്രമേ ഈ കേസുകളില്‍  കാര്യക്ഷമായ അന്വേഷണം നടത്താനാകൂയെന്നും ഹര്‍ജിയില്‍ പറയുന്നു.