കമ്മ്യൂണിസ്റ്റിന് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ഇടം; കേരളത്തിനെ പ്രശംസിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

0
50

കേരളാ കമ്മ്യൂണിസത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. കമ്മ്യൂണിസത്തെ ഇന്നും നെഞ്ചിലേറ്റുന്ന കൊച്ചു കേരളത്തിന്റെ വിജയഗാഥകളെ കുറിച്ചാണ് അവരുടെ റിപ്പോര്‍ട്ട്.

ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള ക്യൂബ, ചൈന, വിയറ്റ്‌നാം, ലാവോസ്, ഉത്തരകൊറിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത് പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രിയും വിധി ജോഷിയും ചേര്‍ന്നാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കേരളം ഏറെ മുന്നിലാണെന്നും പ്രവാസി മലയാളികള്‍ ആഗോള സാമ്പത്തികരംഗത്ത് തന്നെ മികച്ച സംഭാവനകള്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് കേരളത്തിലുള്ള സ്വീകാര്യതയും അവ എത്രത്തോളം സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുണ്ടെന്നും, കേരളത്തിലെ
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

സഖാവ് പി കൃഷ്ണപിള്ളയുടെ അനുസ്മണവേളയില്‍ കേരളത്തിലെത്തിയ ലേഖകര്‍, ചെങ്കൊടിയേന്തി നിരവധിപേര്‍ പങ്കെടുത്ത പ്രകടനത്തെക്കുറിച്ചും ധനമന്ത്രി തോമസ് ഐസക് പങ്കെടുത്ത സമ്മേളനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. തോമസ് ഐസക്കുമായുള്ള അഭിമുഖ സംഭാഷണവും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.