കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. നികുതി വെട്ടിച്ച് മിനി കൂപ്പര്‍ കാര്‍ കേരളത്തില്‍ ഓടിക്കുന്നുവെന്ന പരാതിയിലാണ് കൊടുവള്ളി ജോയിന്റ് ആര് ടി ഒ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയോടെയാണ് ഫൈസലിന്റെ ആഢംബര കാര്‍ വിവാദത്തിലായത്.
പോണ്ടിച്ചേരിയിലുള്ള വ്യാജ മേല്‍വിലാസത്തിലാണ് മിനികൂപ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് നികുതി വെട്ടിക്കുന്നതിനായാണ് പോണ്ടിച്ചേരി മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയര്മാന് മജീദ് മാസ്റ്ററുടെ പരാതിയിലാണ് ഇതിനെതിരെ അന്വേഷണം നടത്തിയത്. അന്വേഷണം നടത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്.ടി.ഒ നോട്ടീസ് അയച്ചിരിക്കുന്നത്.