കുംബ്ലെയെ പുറത്താക്കിയ രീതി തെറ്റാണെന്ന് ദ്രാവിഡ്

0
41

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ അനില്‍ കുംബ്ലെയെ പരസ്യമായി അപമാനിച്ച് പുറത്താക്കിയ രീതി തെറ്റാണെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. വിവാദങ്ങള്‍ക്ക് കാരണമായ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് തനിക്കറിയില്ല. എന്നാല്‍ പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളപ്പോഴാണ് കുംബ്ലെയെ പുറത്താക്കുന്നത്. കളിക്കാരും പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും എപ്പോഴും പരാജയപ്പെടുകയെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. ബെംഗളുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ദ്രാവിഡിന്റെ പ്രതികരണം.

ഇപ്പോഴത്തെ തലമുറയിലെ താരങ്ങള്‍ മുന്‍കാല താരങ്ങളേക്കാള്‍ അക്രമണോത്സുകരാണെന്ന വാദത്തെയും ദ്രാവിഡ് വിമര്‍ശിച്ചു. ടെലിവിഷനിലൂടെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആരാധകര്‍ക്കുണ്ടായ തെറ്റായ ധാരണയാണതെന്നും അതിനര്‍ഥം മുന്‍കാല താരങ്ങള്‍ ഇത്രത്തോളം അക്രമണോത്സുകരല്ലെന്ന് അര്‍ത്ഥമില്ലെന്നും ദ്രാവിഡ് പറഞ്ഞു.

വിരാട് കൊഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് പരിശീലകസ്ഥാനം അനില്‍ കുംബ്ലെ രാജി വെച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് സമര്‍ഥിക്കുന്ന ഒരു കുറിപ്പ് കുംബ്ലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. പരിശീലകസ്ഥാനത്ത് നിന്നും കുംബ്ലെ രാജി വെച്ചതോടെ വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന ഉപദേശകസമിതി പിന്നീട് രവിശാസ്ത്രിയെ പുതിയ പരിശീലകനായി നിയമിക്കുകയായിരുന്നു.