ഗാന്ധി വധക്കേസ്; പുനരന്വേഷണത്തിനെതിരെ തുഷാര്‍ ഗാന്ധി

0
49

ന്യൂഡല്‍ഹി: ഗാന്ധി വധക്കേസില്‍ പുനരന്വേഷണത്തിനെതിരെ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ ഇപ്പോള്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ പങ്കജ് ഫഡ്നിസാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതെ തുടര്‍ന്നാണ് തുഷാര്‍ ഗാന്ധിയുടെ നീക്കം.

ഹര്‍ജി നല്‍കിയതിലൂടെ തുഷാര്‍ ഗാന്ധി എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികള്‍ എടുക്കുമ്പോള്‍ തുഷാറിന്റെ നിലപാട് അറിയിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിങ് അറിയിച്ചു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന് ശേഷം പ്രതികരിക്കാമെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എം.എം. ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നാഷനല്‍ ആര്‍ക്കൈവ്സില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെന്നും നാലാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നും അമിക്കസ് ക്യൂറി അമരേന്ദര്‍ ഷാരണ്‍ അറിയിച്ചു. കേസില്‍ ഒക്ടോബര്‍ ആറിനാണ് ഷാരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ മൂടിവയ്പ്പാണ് ഈ കേസെന്ന് അവകാശപ്പെട്ടാണ് പങ്കജ് പുനരന്വേഷണം ആവശ്യപ്പെട്ടത്. നേരത്തേ ബോംബെ ഹൈക്കോടതി പങ്കജിന്റെ ഹര്‍ജി തള്ളിയിരുന്നു. അഭിനവ് ഭാരത് എന്ന സംഘടനയുടെ ട്രസ്റ്റീ ആയ പങ്കജിന്റെ ലക്ഷ്യത്തെയും ഇന്ദിരാ ജയ്സിങ് ചോദ്യം ചെയ്തു.

നാഥുറാം ഗോഡ്സെയെയും നാരായണ്‍ ആപ്തെയെയും തൂക്കിലേറ്റിയ കേസില്‍ തെളിവുകള്‍ ഇനി എങ്ങനെ കണ്ടെത്തുമെന്നും കോടതി ചോദിച്ചു. 1949 നവംബര്‍ 15നാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിനായക് ദാമോദര്‍ സവര്‍ക്കറെ വിട്ടയയ്ക്കുകയുമായിരുന്നു കോടതി ചെയ്തത്. 1948 ജനുവരി 30നായിരുന്നു നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് മഹാത്മാ ഗാന്ധി മരിച്ചത്.