അഹമ്മദാബാദ്: ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഒന്‍പതു നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നയിക്കുന്ന സംഘം പ്രാഥമിക അന്വേഷണം നടത്തി ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ഒറ്റ ദിവസം ഒന്‍പതു കുട്ടികള്‍ മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇവിടെ 18 കുട്ടികളാണു മരിച്ചതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസംമുട്ടല്‍ അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണു മരിച്ചത്.
നേരത്തെ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ അറുപതിലധികം ശിശുക്കള്‍ മരിച്ചിരുന്നു. ഇതിനെതിരെ രാജ്യമെമ്പാടും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.