കൊല്ലം: ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡി (കെ.എം.എം.എല്‍) നുള്ളിലെ പാലം തകര്‍ന്നുവീണ് മരിച്ചവരുടെയെണ്ണം മൂന്നായി. തകര്‍ന്നുവീണ പാലം വൈകിട്ടോടെ ഉയര്‍ത്തിയപ്പോഴാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, അഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കല്ലട സ്വദേശിനി ശ്യാമള (56) യുടെ മൃതദേഹം രാവിലെതന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാലമാണ് തകര്‍ന്നുവീണത്. കെ.എം.എം.എല്ലിലെ എം.എസ് യൂണിറ്റിലേക്ക് പോകുന്നതിനുവേണ്ടി ഉള്ളതായിരുന്നു അപകടത്തില്‍പ്പെട്ട പാലം.
കാലപ്പഴക്കംമൂലമാണ് പാലം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. കെ.എം.എം.എല്‍ കമ്പനിക്കുമുന്നില്‍ രാവിലെ നടന്ന ധര്‍ണയ്ക്കുശേഷം പുറത്തുനിന്ന ജീവനക്കാരും പ്രദേശവാസികളും ഒരുമിച്ച് പാലത്തിലേക്ക് കയറിയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.