ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പിടിഎം യോഗത്തിനിടെ സംഘര്‍ഷം

0
79


കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ നടന്ന പിടിഎം യോഗത്തില്‍ സംഘര്‍ഷം. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത അടിയന്തിര പിടിഎ യോഗത്തിലാണ് സംഘര്‍ഷം നടന്നത്.

സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനായിരുന്നു പിടിഎ യോഗം ചേര്‍ന്നത്. രക്ഷാകര്‍ത്താക്കള്‍ ചേരിതിരിഞ്ഞാണ് സംഘര്‍ഷം ഉണ്ടാക്കിയത്. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിടിഐ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ത്തത്. വിദ്യാര്‍ഥിയുടെ മരണത്തിനിടയായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ വിദ്യാലയം തുറക്കാന്‍ പാടില്ലായെന്ന നിലപാടിലായിരുന്നു ഒരു വിഭാഗം രക്ഷകര്‍ത്താക്കള്‍. എന്നാല്‍ മറുഭാഗത്തുള്ളവര്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന നിലപാടിലായിരുന്നു. ഇത്തരം അഭിപ്രായവ്യത്യാസം യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു.

ഒരു വിഭാഗം അധ്യാപകര്‍ സ്‌കൂള്‍ തുറക്കണമെന്ന് വാദിക്കുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ സൃഷ്ടിക്കുന്ന മാനസിക പീഡനത്തെ കുറിച്ച് മാനേജ്മെന്റ് ഉത്തരം നല്‍കിയ ശേഷം മതി സ്‌കൂള്‍ തുറക്കുകയെന്ന് ഒരു വിഭാഗം രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഇതിനിടയില്‍ ചേരി തിരിഞ്ഞ് ബഹളം വെക്കുകയായിരുന്നു രക്ഷിതാക്കള്‍. തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു.

പിടിഎ യോഗത്തിന്റെ തീരുമാനം എന്തു തന്നെയായാലും വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും അറിയിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ ഏതെങ്കിലും തരത്തില്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ സമരവുമായി സ്‌കൂളിനു മുന്നിലേക്ക് വരുമെന്ന് മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ സമവായം ഉണ്ടാക്കാനോ അന്തിമ തീരുമാമുണ്ടാക്കാനോ സാധിച്ചിട്ടില്ല.