തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയും

0
41

തിരുവനന്തപുരം : രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയാന്‍ ഭക്ഷ്യവകുപ്പില്‍ ആലോചന.സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ ഭഷ്യ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. റേഷന്‍ വിഹിതം തടയുമെങ്കിലും ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല.

നിശ്ചിത കാലയളവില്‍ റേഷന്‍ വേണ്ടാത്തവര്‍ക്ക് രേഖാമൂലം അറിയിച്ചാല്‍ താല്‍ക്കാലികമായി റേഷന്‍ നിര്‍ത്തിവെക്കും ആവിശ്യാനുസരണം അവര്‍ക്ക് തുടര്‍ന്ന് പുനഃസ്ഥാപിച്ചുനല്‍കുകയും ചെയ്യാം.സിവില്‍ സപ്ലൈസിനെ അറിയിക്കാതെ മുടക്കംവരുത്തുന്നവരുടെ റേഷന്‍വിഹിതമാണ് തടയുന്നത്.

ഭക്ഷ്യഭദ്രതാ നിയമപ്രകാരം പട്ടിക തയ്യാറാക്കിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി റേഷന്‍ധാന്യം നല്‍കുന്നത്. പട്ടികയിലുള്ള ഒട്ടേറെപ്പേര്‍ റേഷന്‍ വാങ്ങുന്നില്ല. അര്‍ഹതപ്പെട്ട പലരും പുറത്തുനില്‍ക്കുമ്പോഴാണിത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ 1.55 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നല്‍കുന്നത്. 1.21 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയോടെ ധാന്യം നല്‍കുന്നു.
ശേഷിക്കുന്നവര്‍ക്ക് 8.90 രൂപ നിരക്കിലാണ് അരി നല്‍കുന്നത്.

അന്ത്യോദയ (മഞ്ഞ) കാര്‍ഡില്‍ ഉള്‍പ്പെട്ട 64,000 കുടുംബങ്ങള്‍ക്ക് കാര്‍ഡൊന്നിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായാണ് നല്‍കുന്നത്.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്(പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ആളൊന്നിന് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കും.എന്നാല്‍ ഈ കാര്‍ഡുകാര്‍ക്ക് റേഷന്‍ ആവശ്യമില്ലെങ്കില്‍ തൊട്ടു മുകളിലുള്ള കാര്‍ഡുകാര്‍ക്ക് നല്‍കും.പൊതുവിഭാഗത്തിലും വാങ്ങാത്തവരുടെ റേഷന്‍ സ്കൂള്‍, ആസ്പത്രി, ജയില്‍ എന്നിവര്‍ക്ക് നല്‍കും.

1.18 ലക്ഷം മെട്രിക് ടണ്‍ ധാന്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഇതില്‍ 46 ശതമാനം ധാന്യവും സൗജന്യമായി നല്‍കുന്നതാണ്.

ശേഷിക്കുന്നതിനുമാത്രമാണ് പണം ഈടാക്കുന്നത് .എന്നാല്‍ ഇ-പോസ് യന്ത്രം സ്ഥാപിക്കുന്നതോടെ യഥാര്‍ഥ കര്‍ഡുടമയ്ക്കുമാത്രമേ ധാന്യം വാങ്ങാനാകൂ.ഈ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.