പീഡനക്കേസില്‍ പ്രതിയായ സന്തോഷ് മാധവനില്‍ നിന്ന് തിരിച്ചുപിടിച്ച 25 എക്കറില്‍ നെല്‍കൃഷി

0
70

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തടവ് ശിക്ഷ് അനുഭവിക്കുന്ന വിവാദസ്വാമി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ച 25 എക്കറില്‍ നെല്‍കൃഷിയിറക്കി. എറണാകുളം, തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന പാടശേഖരത്തിലാണ് നന്മ കര്‍ഷകകൂട്ടായ്മ ഇന്ന് വിത്തിറക്കിയത്. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിച്ച ഭൂമിയായി ഏറ്റെടുത്ത നൂറ്റിപ്പതിനെട്ട് ഏക്കര്‍ സ്ഥലം കഴിഞ്ഞ സര്‍ക്കാര്‍ പീഡനക്കേസില്‍ പ്രതിയായ സന്തോഷ് മാധവന്റെ കമ്പനിക്ക് തിരികെ നല്‍കിയത് വിവാദമായിരുന്നു.

തരിശ് ഭൂമികളില്‍ കൃഷിയിറക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയിലാണ് ഇവിടെ നെല്‍കൃഷി ആരംഭിച്ചത്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത്. വിത്ത് വിതരണ അതോറിറ്റി വഴി ഗുണമേന്മയുള്ള വിത്തുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി സമയ ബന്ധിതമായി വിത്തുകളെത്തിക്കാന്‍ അതോറിറ്റി പര്യാപ്തമായിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വിത്ത് ക്ഷാമം ഒറ്റപ്പെട്ട സംഭവമാണെന്നും, ഇത് ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.