പൊലീസിന്റെ ക്രൂരമര്‍ദനത്താല്‍ ഗര്‍ഭിണി കൊല്ലപ്പെട്ടു

0
43


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ ഗര്‍ഭിണി കൊല്ലപ്പെട്ടു. മദ്യം കൈവശമുണ്ടെന്ന് ആരോപിച്ചാണ് ഗര്‍ഭിണിയായ 22കാരിയെ പൊലീസ് മര്‍ദിച്ചത്. രുചി റാവത്തെന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ വയറ്റില്‍ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.വ്യാജമദ്യം കണ്ടെത്താനായി ഞായറാഴ്ചയാണ് രുചിയുടെ ഗ്രാമത്തില്‍ പൊലീസ് എത്തിയത്. പരിശോധന നടത്തുന്നതിനിടയില്‍ രുചിയുടെ കുടുംബം ഓടി രക്ഷപെട്ടു.

എന്നാല്‍ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ യുവതി കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച പൊലീസുകാരെ ഗ്രാമവാസികള്‍ തടഞ്ഞുവച്ചു.

രുചിയുടെ കുടുംബം വ്യാജമദ്യവില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു യുവതി മരിച്ചതെന്നുമാണ് പൊലീസ് നല്കുന്ന വിശദീകരണം.