ലക്നൗ: ഉത്തര്‍പ്രദേശിലെ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. ബിജെപിയുടെ അഭിമാന പോരാട്ടം നടക്കുന്ന അയോധ്യ- ഫൈസാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഗുല്‍ഷന്‍ ബിന്ദു (47) സ്ഥാനാര്‍ഥിയാകുന്നത്.
2012-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗുല്‍ഷന്‍ 22,023 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിനു പുറമെ ഫൈസാബാദ് നഗരപാലിക ചെയര്മാന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ബിജെപിക്കു തൊട്ടുപിന്നിലെത്താനും സാധിച്ചു. ഇവരുടെ ജനപ്രീതി മുതലെടുത്ത് സീറ്റു പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് സമാജ്വാദി പാര്‍ട്ടി.
തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് പാര്‍ട്ടി മേധാവി അഖിലേഷ് യാദവിനോട് നന്ദി പറയുന്നതായും ജയത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടി നല്‍കുകയാണ് ലക്ഷ്യമെന്നും ഗുല്‍ഷാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റ് ആറു കോര്‍പ്പറേഷനുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ദീപു മാന്‍ദിയ വാല്മികി (മീററ്റ്), ഐ.എസ്. തോമര്‍ (ബറേലി), യൂസഫ് അന്‍സാരി (മൊറാദാബാദ്), മുജാഹിദ് കുദ്വായ് (അലിഗഢ്), രാഹുല്‍ സക്സേഹ (ജാന്‍സി), രാഹുല്‍ ഗുപ്ത (ഗൊരഖേ്പൂര്) എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.