എം.മനോജ് കുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലുമെ ത്താന് കഴിയാതെ സിപിഎം വിഷമവൃത്തത്തില്‍. കോണ്‍ഗ്രസിന്റെ പ്രതാപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യശത്രു കോണ്‍ഗ്രസ് ആയിരുന്നു. കാലം കഴിഞ്ഞപ്പോള്‍ അത് ബിജെപിയായിരിക്കുന്നു. പക്ഷെ സിപിഎമ്മിന്റെ മുഖ്യശത്രുവാര് എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരവുമായിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യശത്രുവാണ്. പക്ഷെ ദേശീയതലത്തില്‍ മുഖ്യശത്രു ബിജെപിയാണ്.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നാണ് സിപിഎം താത്വികാചാര്യനായിരുന്ന ഇഎംഎസ് മുന്‍പ് പറഞ്ഞിരുന്നത്. ഇന്നു പക്ഷേ ഇഎംഎസിന്റെ കാലശേഷം സിപിഎം മറിച്ച് ചിന്തിക്കുന്നു. ഇപ്പോള്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണ്. ഇന്ത്യയിലെ എല്ലാ കക്ഷികളും മുഖ്യശത്രുവായി കോണ്‍ഗ്രസിനെ കണ്ടതോടെ രൂപപ്പെട്ടതാണ് ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം.
ഇന്ത്യയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഫലം ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വന്ന രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. ഇന്ത്യയുടെ എല്ലാ വശങ്ങളും സ്വാംശീകരിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ് എന്നേ പറയാനും കഴിയൂ. അത് ഒരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടിയല്ല. പക്ഷെ സിപിഎം കോണ്‍ഗ്രസിനോട് ശത്രുതാ പരമായ സമീപനമാണ് കൈക്കൊള്ളുന്നത്. കാരണം കേരളത്തില്‍ സിപിഎമ്മിനു ഭരണമുണ്ട്. ഇവിടെ രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസ്സാണ്.
കേരളത്തിന്റെ കാര്യം മുന്നില്‍ വരുമ്പോള്‍ മാത്രമാണ് സിപിഎമ്മില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ എതിര്‍പ്പ് വരുന്നത്. കാരണം ഇന്ത്യയില്‍ ഇന്നേറ്റവും ശക്തമായ സിപിഎം ഘടകം കേരളത്തിലേതാണ്. കേരളാ ഘടകം സിപിഎം-കോണ്‍ഗ്രസ് ബന്ധത്തിനു എതിരെ ഏറ്റവും ശക്തമായി നിലകൊള്ളുന്നു. കേരളാ ഘടകത്തിന്റെ എതിര്‍പ്പ് തള്ളി കേന്ദ്ര നേതൃത്വത്തിനു മുന്നോട്ടു പോകാന്‍ പ്രയാസമാണ്.
കേന്ദ്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിക്ക് എതിര് ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന പ്രകാശ് കാരാട്ടിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് കേരളാ ഘടകമാണ്. കോണ്‍ഗ്രസ് ബന്ധത്തിനു എതിരെ ഏറ്റവും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നതും മുന്‍ സിപിഎം ജനറല്‍ സെക്രട്ടറികൂടിയായ പ്രകാശ് കാരാട്ടാണ്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന മഹാസഖ്യത്തില്‍ പങ്കാളിയായി കോണ്‍ഗ്രസിനൊപ്പം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സിപിഎം നിലകൊള്ളൂന്നത്.
ഇന്ത്യന്‍ സിപിഎമ്മില്‍ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ച സിപിഎം-കോണ്‍ഗ്രസ് ബന്ധത്തെചൊല്ലിയാണ്. സിപിഎം പോളിറ്റ് ബ്യൂറോവിനോ, സിപിഎം കേന്ദ്രകമ്മറ്റിക്കോ ഈ കാര്യത്തില്‍ ഒരു രാഷ്ട്രീയ നിലപാടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ മാസം പകുതിയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പിബിയില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പ് വന്നപ്പോള്‍ ഭൂരിപക്ഷ തീരുമാനം കോണ്‍ഗ്രസ് ബന്ധം ആവശ്യമില്ലാ എന്നായിരുന്നു.
പക്ഷെ അങ്ങിനെ പൂര്‍ണ്ണമായി തള്ളാന്‍ കഴിയാത്ത രീതിയിലാണ് പിബി ഈ ചര്‍ച്ചയെ വിലയിരുത്തിയത്. പിബി തീരുമാനം കേന്ദ്ര കമ്മറ്റിക്ക് വിട്ടു. കേന്ദ്ര കമ്മറ്റിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, വോട്ടെടുപ്പ് വന്നപ്പോള്‍ കോൺഗ്രസ് ബാന്ധവം വേണ്ടെന്ന് 32 പേർ നിലപാടെടുത്തപ്പോൾ 31 പേർ യെച്ചൂരിക്കൊപ്പം നിന്നു. ഒരു വോട്ടിന്റെ ബലത്തിലാണ്, പിന്തുണയിലാണ് കോണ്‍ഗ്രസ് ബന്ധം വേണ്ടാ എന്ന തീരുമാനത്തില്‍ സിസി എത്തിയത്.
32 പേര് കോണ്‍ഗ്രസ് ബന്ധം വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ 31 പേര് വേണം എന്ന് പറഞ്ഞത് സിപിഎം സിസിയിലും കോണ്‍ഗ്രസ് ബന്ധത്തിനു പിന്തുണ കൂടിവരുന്നു എന്നതിന്റെ തെളിവായി മാറുന്നു. ഇപ്പോള്‍ സിപിഎം കേന്ദ്ര നേതൃത്വം രാഷ്ട്രീയപ്രമേയത്തിന്റെ കരട് തയ്യാറാക്കിവരുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധം പുനരവലോകനം ചെയ്യുന്ന തിരക്കിലാണ് സിപിഎം കേന്ദ്രനേതൃത്വം.
ഡിസംബര്‍ മാസം 9, 10 തീയതികളില്‍ ചേരുന്ന സിപിഎം പിബിയോഗം സിപിഎം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചചെയ്യും. ജനുവരി മാസത്തില്‍ ചേരുന്ന കേന്ദ്രകമ്മറ്റിയോഗം കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു പാര്‍ട്ടികളുമായുള്ള സിപിഎം ബന്ധവും നയസമീപനങ്ങളില്‍ വ്യക്തത വരുത്തും.
”സിപിഎം കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് സിപിഎം ചര്‍ച്ച ചെയ്യുകയാണ്.” സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി 24 കേരളയോട് പറഞ്ഞു. ഈ ഘട്ടത്തില്‍, ഈ ഘട്ടത്തില്‍ എന്ന് പറഞ്ഞാല്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സിപിഎം-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. എം.എ.ബേബി പറയുന്നു.
കോണ്‍ഗ്രസ് ബന്ധം പിബിയും സിസിയും ചര്‍ച്ച ചെയ്തതാണ്. പക്ഷെ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഈ കാര്യത്തെക്കുറിച്ച് പാര്‍ട്ടി ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കാന്‍ പോവുകയാണ്. ഡിസംബര്‍ മാസം ചേരുന്ന പിബിയോഗം സിപിഎം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചചെയ്യും. ജനുവരി മാസത്തില്‍ ചേരുന്ന കേന്ദ്രകമ്മറ്റിയോഗം ഈ കാര്യത്തില്‍ തീരുമാനം എടുക്കുകയും ചെയ്യും.
സിപിഎം കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതിനാല്‍ ഈ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. പാര്‍ട്ടി രാഷ്ട്രീയ പ്രമേയത്തിന്റെ കരട് പാര്‍ട്ടി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓരോ പാര്‍ട്ടിയോടും സ്വീകരിക്കുന്ന സമീപനം പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസുമായുള്ള ബന്ധം മാത്രമല്ല, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ബന്ധവും പാര്‍ട്ടി ചര്‍ച്ച ചെയ്യും.
ഇങ്ങിനെ ചര്‍ച്ച ചെയ്യുന്ന വേളയില്‍ കോണ്‍ഗ്രസ് ബന്ധവും പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഇപ്പോള്‍ ദേശീയ തലത്തിലുള്ള 17 പാര്‍ട്ടികളുടെ കൂട്ടുകെട്ട് ഒരു രാഷ്ട്രീയ കൂട്ടുകെട്ടായിട്ടില്ല. അത് വര്‍ഗീയതയ്ക്കെതിരായും സാംസ്ക്കാരികമായ ഇന്ത്യയുടെ പൊതുമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു സമരത്തിന്റെ ഭാഗമായാണ്. അത് ഒരു രാഷ്ട്രീയ കൂട്ടുകെട്ടായി മാറിയിട്ടില്ല. എം.എ.ബേബി പറയുന്നു.
സിപിഎം കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ എം.എം.ലോറന്‍സും തയ്യാറല്ല. പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്യുകയാണ്. പക്ഷെ ചര്‍ച്ച പാര്‍ട്ടിയുടെ മുകള്‍ത്തട്ടിലാണ്. താഴെത്തട്ടിലേക്ക് എത്തിയിട്ടില്ല. ചര്‍ച്ച താഴെത്തട്ടിലേക്ക് വരട്ടെ. അപ്പോള്‍ മറുപടി പറയാം. എം.എം. ലോറന്‍സ് 24 കേരളയോട് പറഞ്ഞു.
പക്ഷെ കോണ്‍ഗ്രസ്-ബിജെപി സാമ്പത്തിക നയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. കോണ്‍ഗ്രസ് ഒരു മെച്ചപ്പെട്ട സംഘടന എന്ന് പറയാനും കഴിയില്ല. അടിയന്തിരാവസ്ഥാ പ്രഖ്യാപനം നടത്തിയത് കോണ്‍ഗ്രസ്സല്ലേ.ഇന്ദിരാഗാന്ധിയല്ലേ. ലോറന്‍സ് ചോദിക്കുന്നു. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാല്‍ ബിജെപിയെ നേരിടാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നില്ല.
കോണ്‍ഗ്രസിനെ അങ്ങിനെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയുന്ന പാര്‍ട്ടിയല്ല. കോണ്‍ഗ്രസിന് ഒരു ഐഡിയോളജിയില്ല. വ്യക്തമായ പരിപാടിയില്ല. എന്തിനാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്ന് അവര്‍ക്ക് പറയാന്‍ സാധ്യമല്ല. എന്താണ് ഭരണം കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത് എന്ന് ചോദിച്ചാല്‍ ഒരു മറുപടി കോണ്‍ഗ്രസില്‍ നിന്നും വരില്ല.
കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യ മുന്നോട്ടല്ല പോയത് പിന്നോട്ടാണ്. കോണ്‍ഗ്രസിലും കുഴപ്പങ്ങള്‍ രൂക്ഷമാണ്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തിയിരിക്കുന്നു. എനിക്ക് കോണ്‍ഗ്രസ്-സിപിഎം ബന്ധത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മടിയും പേടിയുമൊന്നുമില്ല. പക്ഷെ ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ സമയമായിട്ടില്ല എന്ന് ഞാന്‍ കരുതുന്നു.
മുഖ്യശത്രുവാര് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. മുന്‍പ് നാസി ജര്‍മ്മനിക്കെതിരെ അമേരിക്ക സഖ്യമുണ്ടാക്കിയിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന് എന്നിവരായിരുന്നു സഖ്യ കക്ഷികള്‍. സോവിയറ്റ് യൂണിയനും ഒപ്പമുണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇങ്ങിനെ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ബിജെപി ഭരണം നല്ല ഭരണമല്ല. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ ചെയ്തതിനെക്കാളും മോശമായ കാര്യങ്ങള്‍ ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്നു.
ഭക്ഷണം ഒരിക്കലും ചേരിതിരിവിനുള്ള ആയുധമാക്കി മാറ്റിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഭക്ഷണം ചേരിതിരിവിനുള്ള ആയുധമാണ്. ഞാന്‍ പശുവിറച്ചി കഴിക്കുന്ന വ്യക്തിയല്ല. പശുവിനോട് എനിക്ക് വലിയ സ്നേഹവുമാണ്. പക്ഷെ പശുവിനെ കൊല്ലല്‍ വിശ്വാസത്തിന്റെ ഭാഗമായി വരുമ്പോള്‍ എനിക്ക് ഈ കാര്യത്തില്‍ യോജിക്കാന്‍ കഴിയില്ല.
എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യക്കാര്‍ പശുവിറച്ചി കഴിക്കുന്നുണ്ട്. ഭാഷ, ഭക്ഷണം, വിവാഹം എല്ലാത്തിനും ചേരിതിരിവ് ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഏകത്വം നഷ്ടമാകുന്ന രീതികളോട് യോജിക്കാന്‍ കഴിയില്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ എതിര്‍ക്കപ്പെടണം. പക്ഷേ കോണ്‍ഗ്രസുമായി ഇന്ത്യയില്‍ ഒരു കൂട്ടുവേണോ എന്ന് ചോദിച്ചാല്‍ അതിനു ഒരു മറുപടി ഞാന്‍ തത്ക്കാലം പറയുന്നില്ല. എം.എം.ലോറന്‍സ് പറയുന്നു.
നിലവിലെ കേരളത്തിലെ, ബംഗാളിലെ അവസ്ഥ വെച്ച് ബിജെപിക്കെതിരെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റങ്ങള്‍ക്കൊന്നും സിപിഎമ്മിന് കഴിയില്ല. പക്ഷെ കോണ്‍ഗ്രസിന്റെ സാന്നിധ്യമുള്ളതിനാല്‍ മഹാസഖ്യത്തില്‍ കക്ഷിചേരാനും പാര്‍ട്ടിക്ക് കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക വരുന്ന ജനുവരിയില്‍ കൂടുന്ന സിപിഎം കേന്ദ്രകമ്മറ്റിയാകും.