യുപിയില്‍ മദ്യം കൈവശം വച്ചെന്നാരോപിച്ച് പോലീസ് ക്രൂരമായി മര്‍ദിച്ച ഗര്‍ഭിണി മരിച്ചു

0
34

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മദ്യം കൈവശമുണ്ടെന്നാരോപിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച ഗര്‍ഭിണി മരിച്ചു. ഇരുപത്തിരണ്ടുകാരിയായ രുചി റാവത്താണ് പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. വ്യാജമദ്യം കണ്ടെത്താനായി ഗ്രാമത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് സംഭവം.

ഞായറാഴ്ചയാണ് വ്യാജമദ്യം കണ്ടെത്താനായി അഞ്ചോളം പൊലീസുകാര്‍ രുചിയുടെ ഗ്രാമത്തിലെത്തി തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ രുചിയുടെ കുടുംബം ഓടി രക്ഷപെട്ടു. എന്നാല്‍ രുചിയെ പിടികൂടിയ പൊലീസ് അവരെ ലാത്തികൊണ്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ രുചി സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ച പൊലീസുകാരെ ഗ്രാമവാസികള്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. പരിശോധനയ്‌ക്കെത്തിയ പൊലീസ് ലാത്തിക്കൊണ്ടു രുചിയുടെ വയറ്റില്‍ ക്രൂരമായി മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. രുചിയുടെ കുടുംബം വ്യാജമദ്യവില്‍പ്പനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രുചി മരിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.