വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി; പിന്നില്‍ പ്രണയം, കാമുകന്‍ പിടിയില്‍

0
53

അഹമ്മദാബാദ്; ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈ ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ പിടികൂടി. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു (38) ആണ് പിടിയിലായത്. വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഭീഷണിക്കത്ത് വച്ചതായി ഇയാള്‍ സമ്മതിച്ചു. ജെറ്റ് എയര്‍വേയ്‌സിലെ ജീവനക്കാരിയുമായി പ്രണയത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഭീഷണിക്കത്തിന് പിന്നില്‍ എന്താണെന്ന് കണ്ടെത്താനായിട്ടില്ല.

മുംബൈയില്‍നിന്നു പുലര്‍ച്ചെ 2.55ന് പുറപ്പെട്ട വിമാനത്തില്‍നിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. വിമാനം നേരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് അയയ്ക്കണം. 12 ഹൈജാക്കര്‍മാരാണ് വിമാനത്തിലുള്ളത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാര്‍ഗോ ഏരിയയില്‍ സ്‌ഫോടക വസ്തുക്കളുണ്ട്. നിങ്ങള്‍ ഡല്‍ഹിയില്‍ ഇറങ്ങിയാല്‍ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കത്ത് തയ്യാറാക്കിയത്.

പൈലറ്റുമാര്‍ വിവരം അധികൃതരെ അറിയിക്കുകയും വിമാനം അഹമ്മദാബാദില്‍ ഇറക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധനയില്‍ സംശയാസ്പദമായ ഒന്നുംതന്നെ കണ്ടെത്താനായില്ല.

കഴിഞ്ഞ ജൂലൈയില്‍ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടി എന്നാരോപിച്ച് ഇയാള്‍ വിമാനത്തിനുള്ളില്‍ ബഹളം വച്ചിരുന്നു.