ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍
സച്ചിന്റെ റെക്കോഡ് മറികടന്ന് വിരാട് കൊഹ്ലി. സച്ചിന്റെ 887 പോയിന്റെന്ന റാങ്കിങ് റെക്കോഡ് മറികടന്ന വിരാട് 889 പോയിന്റോടെ നിലവില്‍ ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കിയത് കൊഹ്ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ്. രണ്ട് സെഞ്ച്വറിയടക്കം ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ 263 റണ്‍സാണ് കൊഹ്ലി നേടിയത്. മുംബൈ ഏകദിനത്തില്‍ 121 റണ്‍സും കാണ്‍പൂരില്‍ 113 റണ്‍സും കൊഹ്ലി നേടിയിരുന്നു.
872 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ 865 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പതിനൊന്നാം സ്ഥാനത്താണുള്ളത്.
ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ പരമ്പര ജയം, ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരം, പാകിസ്താന്-ശ്രീലങ്ക പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ എന്നിവ കൂടി കൂട്ടിച്ചേര്‍ത്തതാണ് പുതിയ റാങ്കിങ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന് ടോം ലതാം 23ാം റാങ്കിലെത്തി.
പാക് പേസ് ബൗളര്‍ ഹസന് അലിയാണ് ബൗളര്‍മാരില്‍ ഒന്നാമത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലാന്‍ഡിനെ 21ന് തോല്‍പ്പിച്ചെങ്കിലും ടീം റാങ്കിങ്ങില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ മറികടക്കാനായില്ല. 121 പോയിന്റുമായി ആഫ്രിക്കന്‍ സംഘം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.