സിപിഐ ഒഴിവാക്കിയത് സര്‍ക്കാരിലെ പൊട്ടിത്തെറി; ഒഴിവായത് എജിയുടെ രാജിയും

0
40

തിരുവനന്തപുരം: തോമസ്‌ ചാണ്ടി വിഷയത്തില്‍ എജിയുമായി പരസ്യമായി ഏറ്റുമുട്ടിയ സിപിഐ അനുരഞ്ജനത്തിന്. തത്ക്കാലം വിവാദ വിഷയത്തില്‍ നിന്ന് പിന്‍വാങ്ങാനാണ് സിപിഐ തീരുമാനം. തോമസ്‌ ചാണ്ടി വിഷയത്തില്‍ രഞ്ജിത്ത് തമ്പാന്‍ ഹാജരാകണമെന്നുള്ള സിപിഐയുടെ കര്‍ശന നിലപാട് എജി സുധാകര പ്രസാദ് തള്ളുകയും പ്രശ്നം സര്‍ക്കാരില്‍ ഒരു പൊട്ടിത്തെറിക്ക് വഴിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഐ അനുരഞ്ജനത്തിനു ഒരുങ്ങുന്നത്.

തോമസ്‌ ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി  എടുത്ത നിലപാട് കേരളത്തിനു മുന്നിലുണ്ട്. അതുകൊണ്ട് തന്നെ വിവാദത്തിനു മൂക്കുകയര്‍ ഇടേണ്ട സമയമായി എന്ന് പാര്‍ട്ടി കരുതുന്നു. തത്ക്കാലം ഈ വിഷയത്തില്‍  നിശബ്ദത പാലിക്കുമെങ്കിലും കോടതി വിധി പ്രതികൂലമായാല്‍ എജിക്കെതിരെ പാര്‍ട്ടി രംഗത്ത് വന്നേക്കും.

ഹൈക്കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ആര് ഹാജരാകണമെന്നു തന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണെന്നും ഇതില്‍ വിട്ടു വീഴ്ചയില്ലെന്ന് എജി തീരുമാനിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മൌനം കൊണ്ട് എജിക്ക് പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് ഈ വിഷയത്തില്‍ സിപിഐ അയയുന്നത്.

എജിയുടേത് ഭരണഘടനാപരമായ ഒരു പദവിയാണ്. അത് മന്ത്രിക്ക് താഴെയാണോ മുകളിലാണോ എന്ന് ചോദ്യം ഉദിക്കുന്നില്ല. എജിയുടെ പദവി ഹൈക്കോടതി ജഡ്ജിക്ക് സമാനമാണ്. ജഡ്ജി 62-ആം വയസില്‍ വിരമിക്കണമെങ്കില്‍ ആ വിരമിക്കല്‍കൂടി എജിക്ക് ബാധകമല്ല. എജി ഹൈക്കോടതിയില്‍ നല്‍കുന്ന വിശദീകരണത്തിനു സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ വിലകൂടിയുണ്ട്. ഇതെല്ലാം അറിയാവുന്നതിനാലാണ് റവന്യൂമന്ത്രി കത്ത് നല്‍കിയിട്ടുകൂടി ആ കത്തിനോട് പ്രതികരിക്കുകയോ നിലപാടില്‍ നിന്ന് എജിയായ സുധാകരപ്രസാദ് പിന്‍വാങ്ങുകയോ ചെയ്യാതിരുന്നത്.

കണക്കുകൂട്ടലില്‍ സിപിഐക്കും ചെറിയ പിഴവ് സംഭവിച്ചതായാണ് സൂചന. തോമസ്‌ ചാണ്ടികേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി സോഹനു പകരം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ഹാജരാകണമെന്നായിരുന്നു സിപിഐയുടെയും, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെയും താത്പര്യം. സിപിഐ നേതാവ് മീനാക്ഷി തമ്പാന്റെ മകന്‍ കൂടിയായതിനാല്‍ രഞ്ജിത് തമ്പാനോട് സിപിഐക്ക് ആഭിമുഖ്യമുണ്ട്. അതിനാലാണ് ഈ കേസില്‍ രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണം എന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് കത്ത് നല്‍കിയത്. പക്ഷെ എജിയുടെ കര്‍ശന നിലപാട് സ്വീകരിക്കുകയും, എജിയുടെ അധികാര പരിധിയില്‍ ആരും ഇടപെടാന്‍ ആരെയും അനുവദിക്കില്ലാ എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ തകിടം മറഞ്ഞു.

ഇത് സിപിഐ പ്രതീക്ഷിക്കാതെയുള്ള സംഭവ വികാസമായി.  ഒപ്പം മുഖ്യമന്ത്രി മൌനം കൊണ്ട് എജിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.  ഈ നീക്കം  സിപിഐയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എല്ലാ കണക്കുകൂട്ടലുകളും  തെറ്റിച്ച് എജിയായ വ്യക്തിയാണ് സുധാകര പ്രസാദ്. സിപിഎമ്മില്‍ വിഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിയമജ്ഞനാണ് സുധാകര പ്രസാദ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സുധാകരപ്രസാദ് എജിയാകുമെന്നും ആരും കരുതിയതല്ല. പക്ഷെ സുധാകര പ്രസാദ് തന്നെ എജിയായി. ഇടത് വൃത്തങ്ങളെ തന്നെ അമ്പരപ്പിച്ച നിയമനമായിരുന്നു സുധാകര പ്രസാദിന്റെത്.

വിവാദം വന്നപ്പോള്‍ മൌനം കൊണ്ട് എജിക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുമെന്നും സിപിഐ കരുതിയതുമില്ല. സിപിഐക്ക് മുഖ്യമന്ത്രികൂടി പിന്തുണ നല്‍കിയാല്‍ എജി രാജിവയ്ക്കേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിയുമായിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ പിന്തുണ എജിക്ക് തന്നെ ലഭിച്ചു. ഭരണത്തില്‍ ഒരു പൊട്ടിത്തെറിക്ക് സാഹചര്യം വന്നപ്പോള്‍ സിപിഐ പിന്‍വലിയുകയായിരുന്നു.

മിനി കൂപ്പര്‍ വിവാദവും, തോമസ് ചാണ്ടി വിവാദവും, എജി-റവന്യൂമന്ത്രി പോര് എല്ലാം സംഭവിച്ചത് ജനജാഗ്രതാ യാത്ര പുരോഗമിക്കുമ്പോഴാണ്. ഇതെല്ലാം ജനജാഗ്രതാ യാത്രയെ കാര്യമായി ബാധിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാനാണ് എജി വിവാദത്തില്‍ നിന്ന് തത്ക്കാലം സിപിഐ പിന്‍വാങ്ങിയിരിക്കുന്നത്.