ന്യൂഡല്‍ഹി: ഹാദിയയെ നേരിട്ടു ഹാജരാക്കണമെന്നു സുപ്രീം കോടതി ഉത്തരവ്. ഹാദിയയെ നവംബര്‍ 27നു മൂന്നു മണിക്കു ഹാജരാക്കണമെന്ന് പിതാവ് അശോകനോട് കോടതി നിര്‍ദേശിച്ചു. ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
എന്നാല്‍ അടച്ചിട്ടമുറിയില്‍ ഹാദിയയുടെ വാദം കേള്‍ക്കണമെന്ന അച്ഛന് അശോകന്റെ ആവശ്യം കോടതി തള്ളി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ഹാദിയയുടെ വാദം കേട്ടശേഷം മാത്രമേ അച്ഛന്റെയും എന്‍ഐഎയുടെയും വാദം കേള്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
ഹാദിയ കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും, ഒപ്പം സമാനമായ സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളും സീല്‍ വെച്ച കവറില്‍ എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതൊടൊപ്പം വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ നിയമസാധുത പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.