ഹാദിയ ഏത് മതത്തില്‍ ജീവിച്ചാലും പ്രശ്‌നമില്ല; :ഷെഫിന്‍ ജഹാന്‍ തീവ്രവാദിയെന്നും പിതാവ്

0
60

കൊച്ചി; മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഹാദിയയെ നവംബര്‍ 27 ന് കോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ പറഞ്ഞു. ഹാദിയ വീട്ടുതടങ്കലിലാണെന്നും താന്‍ മര്‍ദ്ദിക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ അശോകന്‍ നിഷേധിച്ചു. വൈക്കത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകള്‍ ഏത് രീതിയില്‍ ജീവിച്ചാലും എതിര്‍പ്പില്ലെന്നും തീവ്രവാദിയായ ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാകില്ലെന്നും അശോകന്‍ പറഞ്ഞു. മകള്‍ വീട്ടുതടങ്കലിലാണെന്ന ആരോപണം നിഷേധിച്ച അശോകന്‍ ഹാദിയക്ക് പുറത്തു പോകാന്‍ ഒരു തടസ്സവുമില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് അവള്‍ പുറത്തിറങ്ങാത്തതെന്നും പറഞ്ഞു. വീടിനു പുറത്ത് പോയാല്‍ പോലീസ് കൂടെ വരുമെന്നത് കൊണ്ടാണ് ഹാദിയ പുറത്ത് പോകാത്തതെന്നും അശോകന്‍ പറഞ്ഞു.

നിര്‍ബന്ധിച്ച് പുറത്തയക്കാന്‍ അവള്‍ കൊച്ചുകുട്ടിയല്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി അശോകന്‍ പറഞ്ഞു. കേസിന്റെ തുടക്കം തൊട്ടേ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നതെന്ന് അശോകന്‍ പറഞ്ഞു. ഇതെല്ലാം വളരെ ആസൂത്രിതമായി ചെയ്യുന്നതാണെന്നും അശോകന്‍ ആരോപിച്ചു.

ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയമുള്ളതായി ഹാദിയ പറയുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അച്ഛന്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹാദിയ പറയുന്നതായും വീഡിയോയിലുണ്ട്. അച്ഛന്‍ തന്നെ തല്ലുന്നതായും ചവിട്ടുന്നതായും ഹാദിയ പറയുന്നു. ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്.