ഹാദിയ കേസ്: എന്‍ഐഎ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതി പരിശോധിക്കും

0
29


ഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതി ഇന്ന് പരിശോധിക്കും. കോടതിയുടെ അനുമതിയില്ലാതെ കേസില്‍ എന്‍ഐഎ നടത്തിയ അന്വേഷണം ചോദ്യം ചെയ്ത് ഷഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനും കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഹാദിയയുമായുള്ള തന്റെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കാന്‍ നേരത്തെ എന്‍ഐഎക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് രവീന്ദ്രന്‍ പിന്മാറിയ സാഹചര്യത്തില്‍ പകരം പുതിയ റിട്ട. ജഡ്ജിയെ നിയമിക്കുന്നതിന് മുമ്പുതന്നെ കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിരുന്നു. റിട്ട. ജഡ്ജിയുടെ മേല്‍നോട്ടമില്ലാതെ കേസ് അന്വേഷിച്ചത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഷഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനും ആലോചിക്കുന്നുണ്ട്. കൂടാതെ ഹാദിയയുടെ മാനസികാരോഗ്യ നില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയമിക്കണമെന്നും, കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഹാദിയയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഷഫിന്‍ ജഹാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

ഹാദിയ കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും, ഒപ്പം സമാനമായ സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളുമാണ് സീല്‍ വെച്ച കവറില്‍ എന്‍ഐഎ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹാദിയയുടെ മതപരിവര്‍ത്തനം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ ആവശ്യപ്പെടും. ഇതൊടൊപ്പം വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ നിയമസാധുത പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഹാദിയയുടെ ഭാഗം കേള്‍ക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.