കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന് സി.പി.ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. കേസില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് വേഗത്തിലാക്കാനുള്ള നീക്കം. അറസ്റ്റ് ചെയ്യുന്നതിനായി ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഏത് ഉന്നതനും മുകളിലാണ് നീതിപീഠമെന്നു പറഞ്ഞ കോടതി കേസ് അന്വേഷണം മുന്നോട്ട് നീങ്ങാന്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി വിധി. കീഴടങ്ങാന്‍ ഉദയഭാനുവിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അപേക്ഷിച്ചുവെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവ് കൊലപ്പെട്ട കേസില്‍ ഏഴാം പ്രതിയാണ് അഡ്വ. ഉദയഭാനു. ഉദയഭാനുവിന്റെ ഭൂമി ഇടപാടുകളില്‍ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷന്‍ നല്കി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊലാപതകത്തിന് തൊട്ടുടത്ത ദിവസങ്ങളില്‍ കൊലപാതകികളും ഉദയഭാനുവും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നതും പോലീസ് കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു.