ആധാര്‍ രാജ്യരക്ഷയ്ക്ക് ഭീഷണിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

0
32

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി എം പി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ട്വിറ്ററിലൂടെയുള്ള കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു.
ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന സുപ്രീകോടതി തീരുമാനത്തിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

ആധാര്‍ സംബന്ധിച്ച വാദങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മൗലീകാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും നിരവധി പരാതികളാണ് കോടതിയില്‍ നിലനില്‍ക്കുന്നത്. ഇതിനിടെ സ്വകാര്യത മൗലീകാവകാശമാണെന്ന് അടുത്തിടെ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായപ്രകടനം.