ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അന്ധതയില്‍ നിന്ന് രക്ഷിച്ചു: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

0
63

ലണ്ടന്‍: ഇന്ത്യന്‍ ഡോക്ടര്‍ അന്ധതയില്‍ നിന്ന് തന്നെ രക്ഷിച്ചു എന്ന വെളിപ്പെടുത്തലുമായി ഗോര്‍ഡണ്‍ ബ്രൗണ്‍ രംഗത്ത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമാണ് ഇദ്ദേഹം. ഇന്ത്യന്‍ സുഹൃത്തായ ഡോക്ടര്‍ ഹെക്ടര്‍ ചൗലയാണ് അന്ധതമാറ്റിയത്. ആത്മകഥയിലാണ് ഇന്ത്യന്‍ സുഹൃത്തിനെക്കുറിച്ച് ബ്രൗണ്‍ പരാമര്‍ശിച്ചത്.

റഗ്ബി മത്സരത്തിനിടെ യുവാവായിരുന്ന ഗോര്‍ഡണ്‍ ബ്രൗണിന്റെ ഇടത് കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ചൗലയുടെ നേതൃത്വത്തില്‍ 1971ല്‍ എഡിന്‍ബര്‍ഗിലായിരുന്നു ശസ്ത്രക്രിയ നടന്നത്. അവശേഷിച്ച വലതു കണ്ണിനെ കൂടുതല്‍ പ്രശ്നങ്ങളില്‍ നിന്ന് അകറ്റി, പൂര്‍ണ്ണ അന്ധനായിത്തീരുന്നതില്‍ നിന്ന് തന്നെ രക്ഷിച്ചത് ചൗലയായിരുന്നുവെന്ന് ബ്രൗണ്‍ പുസ്തകത്തില്‍ പറയുന്നു.

‘നേത്ര ശസ്ത്രക്രിയയില്‍ പ്രഗത്ഭനായിരുന്ന ഡോ ചാക്സണ്‍ അത്തവണ ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഹെക്ടര്‍ ചൗലയെ ചുമതലപ്പെടുത്തുകയായിരുന്നു. പക്ഷേ, ചൗല അന്ന് അവധിയില്‍ പോവാനിരിക്കുകയായിരുന്നു, എന്നാല്‍ അദ്ദേഹം യാത്ര മാറ്റിവെച്ച് എന്റെ കണ്ണിനെ രക്ഷിച്ചെടുത്തു’, ബ്രൗണ്‍ ആത്മകഥയില്‍ പറയുന്നു.

അവിഭക്ത ഇന്ത്യയിലെ സിയാല്‍ക്കോട്ട സ്വദേശിയായിരുന്നു ചൗലയുടെ അമ്മ സ്‌കോട്ടിഷ് വനിതയാണ്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ഡോക്ടറായിരുന്നു ചൗലയുടെ അച്ഛന്‍. ബഹുമുഖ പ്രതിഭയായും റെറ്റിനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഗ്രഗണ്യനായും ബ്രൗണ്‍ തന്റെ പുസ്തകത്തില്‍ ചൗലയെ വിശേഷിപ്പിക്കുന്നു.

ബ്രൗണ്‍ തന്റെ പുസ്തകത്തില്‍ ചൗലയെക്കുറിച്ച് ബഹുമുഖ പ്രതിഭയായും റെറ്റിനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഗ്രഗണ്യനായും വിശേഷിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വലതു കണ്ണിന് കാഴ്ച്ചക്കുറവ് അനുഭവപ്പെട്ടപ്പോഴും തന്റെ രക്ഷയ്ക്കെത്തിയത് ഡോക്ടര്‍ ചൗലയായിരുന്നുവെന്ന് ബ്രൗണ്‍ തുറന്നു പറയുന്നു.

‘2009ല്‍ ഒരു ദിവസം ഉറക്കമെഴുന്നേറ്റപ്പോള്‍ എന്റെ കാഴ്ച്ചയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അന്ന് പ്രസംഗത്തിനായി തയ്യാറാക്കിയ പേപ്പറുകള്‍ പോലും വായിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. ഇതിനു കാരണം വലതു കണ്ണിന്റെ റെറ്റിനക്ക് രണ്ടിടങ്ങളിലായി കീറല്‍ സംഭവിച്ചതാണ. അടിയന്തിര ശസ്ത്രക്രിയയ്ക്കായി കാത്ത് നില്‍ക്കുകായയിരുന്ന ഞാന്‍ പഴയ സുഹൃത്തായ ചൗലയെ ഇമെയിലിലൂടെ ബന്ധപ്പെട്ടു. അദ്ദേഹം ഫ്രാന്‍സിലായിരുന്നു. എന്നിട്ടും അദ്ദേഹം എന്നെ നേരില്‍ കാണാന്‍ വന്നു. കാഴ്ച്ച ഇനിയും കുറഞ്ഞാല്‍ മാത്രമേ ശസ്ത്രക്രിയയുടെ ആവശ്യമുള്ളൂ എന്നാണ് ചൗല പറഞ്ഞത്’, ബ്രൗണ്‍ തുടര്‍ന്നു.

രണ്ടാമതും തന്റെ രക്ഷയ്ക്കെത്തിയ ഇന്ത്യന്‍ ഡോക്ടര്‍ ചൗലയെ അഭിമാനപൂര്‍വ്വവും സ്നേഹത്തോടെയുമാണ് പുസ്തകത്തില്‍ ഓര്‍മ്മിക്കുന്നത്. 2007നും 2010നുമിടയില്‍ യുകെയിലെ പ്രധാനമന്ത്രിയായിരുന്നു ഗോര്‍ഡണ്‍ ബ്രൗണ്‍.