ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണ മേഖലയില്‍ ടണല്‍ തകര്‍ന്ന് 200 മരണം

0
45

സിയോള്‍: ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ പ്യുഗെരിയില്‍ ടണല്‍ തകര്‍ന്ന് വീണ് 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ വടക്കുകിഴക്കല്‍ മേഖലയായ പ്യൂഗെരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ടണലാണ് തകര്‍ന്നു വീണതെന്ന് ജാപ്പനീസ് ചാനല്‍ ആഷി ടിവി റിപ്പോര്‍ട്ട് ചെയ്തു.

ആദ്യമുണ്ടായ അപകടത്തില്‍ ഏകദേശം 100 ആളുകളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ വീണ്ടും ടണല്‍ തകരുകയായിരുന്നു. ഇതേതുടര്‍ന്നാണ് മരണസംഖ്യ 200 ആയി ഉയര്‍ന്നത്.

സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നടത്തിയ ആറാം ആണവ പരീക്ഷണമാണ് അപകടത്തിന്റെ മൂലകാരണമെന്നാണ് വിലയിരുത്തല്‍. 1945-ല്‍ അമേരിക്ക ഹിരോഷിമയില്‍ ഇട്ട ആറ്റം ബോംബിനെക്കാള്‍ ആറ് ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറില്‍ പരീക്ഷിച്ചത്.

ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആണവായുധ പരീക്ഷണമായിരുന്നു അത്. ഇത് പ്യുഗെരി മേഖലയിലും ടണലിനും ഉണ്ടാക്കിയ ബലക്ഷയമാണ് അപകട കാരണമെന്നാണ് ആഷി ടിവി റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ആണവായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഉത്തര കൊറിയ രണ്ട് പരീക്ഷണ ടണലുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങുകയാണെന്ന് ദക്ഷിണ കൊറിയന്‍ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് വെളിപ്പെടുത്തി.