ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

0
45

തിരുവനന്തപുരം:തലസ്ഥാന നഗരത്തില്‍ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. വള്ളക്കടവ് പുതുവല്‍പുരയിടം പി.ഡി.നഗറില്‍ വിജയന്‍ മകന്‍ ഷിബു(31) ആണ് ഒന്നരക്കിലയോളം കഞ്ചാവുമായി ഷാഡോ പൊലീസിന്റെ പിടിയിലായത്. വലിയതുറ പൊലീസ കേസ് രജിസ്റ്റര്‍ ചെയ്തു.

വരുന്ന ടൊന്റി ടൊന്റി ക്രിക്കറ്റ് മത്സരം മുന്നില്‍ കണ്ട് നഗരത്തില്‍ ലഹരിയുടെ ഉപയോഗവും കച്ചവടവും നിയന്ത്രിക്കുന്നതിന് പൊലീസിന്റെ ‘യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്ഗ്’ കാമ്പയിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളും പിടിയിലായത്. ആഡംബര കാറില്‍ കറങ്ങിയാണ് ഇയാള്‍ കച്ചവടം ചെയ്തിരുന്നത്.

മുന്‍കാലങ്ങളില്‍ പിടിയിലായ കഞ്ചാവ് കച്ചവടക്കാരില്‍ നിന്നും ശേഖരിച്ച വിവരത്തില്‍ നിന്നാണ് ഇയാളെയും പിടിക്കാന്‍ കഴിഞ്ഞത്. ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടം കണ്ടു പിടിക്കുന്നതിനും കച്ചവടവും കൈമാറ്റവും ചെയ്യുന്നവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രത്യകം ഷാഡോ സംഘങ്ങളെ രൂപീകരിച്ചതായും വരും ദിവസങ്ങളിലും ലഹരിക്കെതിരെ കൂടുതല്‍ അന്വേഷണം ഉണ്ടാവുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു.

ഡി.സി.പി. ജയദേവ്, കണ്‍ട്രോള്‍ റൂം അസി:കമ്മീഷണര്‍ സുരേഷ്‌കുമാര്‍.വി, വലിയതുറ എസ്.ഐ. ജയപ്രകാശ്, ഷാഡോ എസ്.ഐ. സുനില്‍ ലാല്‍, ഷാഡോ ടീമംഗങ്ങല്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്‍കി.